കേരള ബാങ്കിൽ സംസ്ഥാനത്തെ ജില്ലാ ബാങ്കുകൾ ലയിപ്പിക്കാൻ തത്വത്തിൽ അംഗീകാരം നൽകിയിട്ട് ലയനത്തെ എതിർക്കുന്നതെന്തിനെന്ന് റിസർവ് ബാങ്കിനോടു ഹൈക്കോടതി. ഇതു സംബന്ധിച്ചു വിശദീകരണം നൽകാനും ജസ്റ്റീസ് അമിത് റാവൽ, ജസ്റ്റീസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആർബിഐക്കു നിർദേശം നൽകി.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവു ചോദ്യംചെയ്ത് മുൻ പ്രസിഡന്റ് യു എ ലത്തീഫ് എംഎൽഎ അടക്കം നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നാണു ഹർജിയിലെ വാദം. എന്നാൽ, കേന്ദ്ര നിയമം 2020ൽ ഭേദഗതി ചെയ്‌തെങ്കിലും 2021 ഏപ്രിൽ ഒന്നിനാണു നടപ്പിലായതെന്നും ലയനത്തിന് മൂന്നിൽ രണ്ട് പൊതുയോഗ തീരുമാനം വേണമെന്നും റിസർവ് ബാങ്ക് വിശദീകരിച്ചു.
അതേസമയം, റിസർവ് ബാങ്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്നാണ് ലയനത്തിനു നടപടികൾ സ്വീകരിച്ചതെന്നും കേന്ദ്ര നിയമം ഭേദഗതി ചെയ്തിട്ടും റിസർവ് ബാങ്ക് ലയന നടപടികളെ എതിർത്തിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
English Summary: District Bank Merger; High Court asks Reserve Bank what to object to after approval
You may also like this video