ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ അവർക്ക് വേണ്ടി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ശോഭ സുരേന്ദ്രനെ ബിജെപി സ്ഥാനാർഥിയാക്കണമെന്നാണ് ഉയർന്നു വരുന്ന ആവശ്യം. നഗരസഭയുടെ മുൻവശത്ത് ഉൾപ്പെടെ പോസ്റ്ററുകൾ വെച്ചിട്ടുണ്ട്. പാലക്കാട്ടെ കാവിപ്പട എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബിജെപിക്കാണ് പാലക്കാട് നഗരസഭ ഭരണം.
ശോഭാ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കൃഷ്ണകുമാറിന്റെ പേര് വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിക്കാന്‍ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചുവെന്നാണ് സൂചന . ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാർഥിയായിരുന്ന കൃഷ്ണകുമാര്‍. 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു. 2015–20 കാലഘട്ടത്തില്‍ നഗരസഭാ ഉപാധ്യക്ഷ പദവിയും വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ശോഭാസുരേന്ദ്രൻ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.