Site iconSite icon Janayugom Online

തലസ്ഥാനം മാറ്റേണ്ട; തിരുവനന്തപുരം കോര്‍പറേഷന്‍ പ്രമേയം

കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെതിരെ നഗരസഭയില്‍ പ്രമേയം. മെഡിക്കല്‍ കോളജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര്‍ അനിലാണ് വാക്കാല്‍ പ്രമേയം ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും പ്രമേയത്തെ പൂര്‍ണമായും പിന്തുണച്ചു.

തലസ്ഥാന ജില്ലയെ അവഗണിക്കുന്ന ഇത്തരം നിലപാടുകളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഡി ആര്‍ അനില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈബി ഈഡനെ മുഖവിലക്കെടുക്കുന്നില്ലെന്നും എന്തും നേരിടാനുള്ള ഇശ്ചാശക്തിയുള്ള ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു. തലസ്ഥാനത്തിന് 15 വര്‍ഷമായി എംപിയെ നഷ്ടപ്പെട്ട അവസ്ഥയാണെന്നും ഏറെ അഭിമാനമായി മാറേണ്ട പല കാര്യങ്ങളും ഇക്കാലയളവില്‍ ഇവിടെനഷ്ടപ്പെട്ടെന്നും കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാറും ചര്‍ച്ചയില്‍ പറഞ്ഞു.

ഭൂമിശാസ്തപരവും ചരിത്രപരവും രാഷ്ട്രീയപരവുമായി ഏറെ പ്രത്യേകതയുള്ള തലസ്ഥാനത്തെ വെറുമൊരു നോട്ടീസ് പ്രകാരം മാറ്റിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബിജെപി കൗണ്‍സിലര്‍ എം ആര്‍ ഗോപന്‍ പറഞ്ഞു. ഹൈബി ഈഡന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഗോപന്‍ പറഞ്ഞു. തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈബിയുടേത് വ്യക്തിപരമായ തീരുമാനമാണെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ പത്മകുമാര്‍ പറഞ്ഞു. ഏതാണ്ട് ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ പ്രമേയം കൗണ്‍സില്‍ ഐക്യകണ്ഠേന അംഗീകരിച്ചു. ഹൈബി ഈഡന്റെ ബില്ല് ഗൗരവമേറിയതാണെന്നും അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും മേയര്‍ ആര്യാ രാജേന്ദ്രനും പറഞ്ഞു.

Eng­lish Sam­mury: Do not change the cap­i­tal; Thiru­vanan­tha­pu­ram Cor­po­ra­tion resolution

Exit mobile version