മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അബു സലിമിനെ തിരികെ പോർച്ചുഗലിനു വിട്ടുകൊടുക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. “കോടതി എന്തു തീരുമാനമെടുക്കണമെന്ന് സർക്കാർ പഠിപ്പിക്കാൻ വരരുതെന്ന്’ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിന് താക്കീത് നല്കി.
അബുസലിമിനെ ഇന്ത്യയ്ക്കു കൈമാറുമ്പോൾ പോർച്ചുഗലിനു നൽകിയ നയതന്ത്ര ഉറപ്പുകൾ പാലിക്കുന്ന കാര്യം 2030 ലാണ് പരിഗണനയിൽ വരികയെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സുപ്രീം കോടതിക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ശാസന. ’ നയതന്ത്ര ഉറപ്പുകൾ നല്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്. എന്നാൽ അതിന്റെ പേരിൽ കേസിൽ വാദം കേള്‍ക്കാതിരിക്കാനാകില്ല. കോടതി എന്തു ചെയ്യണം, എപ്പോള്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് അധികാരമില്ലെ‘ന്നും കോടതി ചൂണ്ടിക്കാട്ടി.
2002 സെപ്റ്റംബർ 20 ന് പോർച്ചുഗലിൽ ഇന്റർപോൾ അറസ്റ്റ് ചെയ്ത അബുസലിമിനെയും കാമുകി മോണിക്ക ബേദിയെയും 2005 ലാണ് ഇന്ത്യയ്ക്ക് കൈമാറിയത്. എല്ലാ കുറ്റങ്ങൾക്കും ഇന്ത്യയിൽ വിചാരണ ചെയ്യാമെങ്കിലും വധശിക്ഷയോ 25 വർഷത്തിലേറെ തടവോ നൽകില്ലെന്ന വ്യവസ്ഥയോടെയാണ് വിട്ടുനൽകിയത്. ഈ കാലാവധി അവസാനിച്ചെന്നും തിരികെ പോർച്ചുഗലിലേക്കു പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബു സലിം ഹർജി നൽകിയത്.
2005 ലാണ് ഇന്ത്യയ്ക്ക് കൈമാറിയതെന്നതിനാൽ 2030 ലാണ് 25 വർഷം തികയുക എന്നും അപ്പോൾ വിഷയം പരിഗണിക്കാമെന്നുമായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായിരുന്ന അബു സലിം ഉൾപ്പെടെ പ്രതികൾക്ക് 2017 ൽ ‘ടാഡ’ കോടതിയാണ് ശിക്ഷ വിധിച്ചത്. 1993 ൽ മുംബൈ നഗരത്തിൽ 12 സ്ഥലങ്ങളിൽ നടന്ന സ്ഫോടന പരമ്പരയിൽ 257 പേരാണ് കൊല്ലപ്പെട്ടത്.
English summary; Do not come to teach the court: Supreme Court harshly criticise of the central government
You may also like this video;