Site icon Janayugom Online

ചരിത്രത്തോട് മുഖംതിരിക്കരുത്

modi

രിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്നൊരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഫയ്സ് അഹമ്മദ് ഫയ്സിനെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നു മാറ്റുമ്പോൾ, രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് മഹത്തായ ഒരു അധ്യായം ചീന്തിക്കളയുകയാണ്. മധ്യകാലഘട്ട ചരിത്രത്തെ പൂർണമായും ഇരുട്ടിലേക്ക് തള്ളിയിടാനാണ് പരിശ്രമം. രാജ്യത്തിന്റെ ഭൂതകാലത്തിലെ തിളങ്ങുന്ന ദിനങ്ങളെ ഇരുട്ടിന്റെ മറവിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നു. മഹാനായ മുഗൾ ചക്രവർത്തി അക്ബറിനെ പോലും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി. അക്ബർ ദിൻ‑ഇ ഇലാഹി എന്ന പുതിയൊരു ധർമ്മമാണ് അവതരിപ്പിച്ചത്. അതിൽ എല്ലാ മതങ്ങളുടെയും ഗുണപരമായ ചേരുവകൾ ഉൾപ്പെട്ടിരുന്നു. ബഹുത്വത്തിൽ ഏകത്വം കണ്ടെത്താനുള്ള പരിശ്രമമായിരുന്നു അത്. ഈ വിശ്വാസ ധാരയിൽ പങ്കുചേരാനും അതിന്റെ ആശയത്തെ സമ്പന്നമാക്കാനും അദ്ദേഹം പ്രമുഖരെ ക്ഷണിച്ചു. മതങ്ങൾക്കിടയിൽ സംഘർഷമുണ്ടാകുമെന്ന് അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മസ്ജിദുകൾക്കൊപ്പം ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കുന്നതിനെയും അക്ബർ പ്രോത്സാഹിപ്പിച്ചിരുന്നു. സമൂഹത്തിൽ സൗഹാർദം സൃഷ്ടിക്കുക എന്നതായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഒരു മതവും സ്വയം പൂർണമല്ലെന്നും പൂർണതയ്ക്കായുള്ള പരിശ്രമങ്ങളിൽ തനിക്ക് നേരിടേണ്ടിവന്ന നിരവധി ആക്രമണങ്ങളും അക്ബർ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ വിശ്വാസ ധാരകൾ കൈക്കൊണ്ടവർക്കെല്ലാം സ്വീകാര്യനായ ഒരു ഭരണാധികാരിയുടെ പ്രതിച്ഛായ സൃഷ്ടിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ദിൻ ഇ ഇലാഹി ധർമ്മത്തിന്റെ ഭാഗമാകാൻ മതപരിവർത്തനം വേണ്ടിയിരുന്നില്ല. ഇസ്‌ലാമിക അല്ലെങ്കിൽ ക്രിസ്ത്യൻ അല്ലെങ്കിൽ ഹിന്ദു, ഏതൊരു വിശ്വാസവും നിലനിർത്തിക്കൊണ്ടുതന്നെ ദിൻ ഇ ഇലാഹി പിന്തുടരാമായിരുന്നു. പരസ്പര വിദ്വേഷത്തിന്റെ മൂർച്ചയേറിയ അഗ്രങ്ങൾ അറുത്തുമാറ്റിയ മതേതരത്വത്തിന്റെ പൂക്കാലമായിരുന്നു അത്.

 


ഇതുകൂടി വായിക്കൂ: ഭരണകൂട നീതിപീഠ അഭിമുഖീകരണം


 

1582 ലാണ് ദിൻ ഇ ഇലാഹി അവതരിപ്പിക്കപ്പെട്ടത്. എന്നാൽ പിന്നീട് സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം അതിനെ മറച്ചു. കോളനി ഭരണം സമൂഹത്തിന്റെ വിഭജനത്തിലും അതിലൂടെ തുടരുന്ന സംഘർഷം നിലനിർത്തുന്നതിലും വിശ്വസിച്ചു. ഈ ഘട്ടത്തിലാണ് ഇന്ത്യ ഒരു രാഷ്ട്രമായി ഉയർന്നുവന്നത്. ബഹുസ്വരതയുടെ മുഖമുദ്ര രാജ്യത്തിന്റെ കരുത്തായിരുന്നു. കോളനിവൽക്കരണത്തിനെതിരായ പോരാട്ടം ഒന്നാം സ്വാതന്ത്ര്യസമരമായി രൂപപ്പെട്ടു. സ്വാതന്ത്ര്യം അകലെയെങ്കിലും പ്രതീ ക്ഷയായി. സ്വയംഭരണം എന്ന പ്രത്യാശയിൽ നൂറു വർഷത്തിലേറെ വിദേശികൾക്കെതിരെ പോരാടി. കോളനിഭരണം പരാജയം അംഗീകരിച്ചു. രാജ്യം സ്വതന്ത്രമായി. ജനാധിപത്യ സംവിധാനം ശക്തമായി കെട്ടിപ്പടുക്കുന്നതിന് ഉചിതമായ ഭരണഘടന സ്വീകരിച്ചു.


ഇതുകൂടി വായിക്കൂ: കേന്ദ്ര ഭരണകൂടമേ, മായ്ക്കാനാകില്ല ആ പാപക്കറ


രാജ്യത്തിന്റെ ബഹുസ്വരതയെ വെല്ലുവിളിച്ച ശക്തികളെ ചെറുത്തുതോല്പിക്കാൻ രാജ്യം ഒറ്റക്കെട്ടായിരുന്നു. ഇതിനെ ദുർബലമാക്കാൻ പലയിടത്തുനിന്നും നീക്കങ്ങൾ ഉയർന്നു. ബാഹ്യശക്തികളിൽ നിന്ന് മാത്രമല്ല, ഉള്ളിൽനിന്നും അവർക്ക് പിന്തുണ ലഭിച്ചു. അവർ വലതുപക്ഷത്തെ പ്രതിനിധീകരിച്ചു. ഇന്ന് അവർ അധികാരത്തിലാണ്. അവർക്ക് ഭൂതകാലത്തെ മായ്ക്കേണ്ടതുണ്ട്. അവരുടെ പൊയ്മുഖം മറയ്ക്കാനുള്ള ഒരേയൊരു മാർഗമാണിത്. ജനങ്ങളുടെ നികുതികൊണ്ടു കെട്ടിപ്പടുത്ത പൊതുമേഖലയെ മൊത്തമായി അവർ കുത്തകകൾക്ക് വില്ക്കുന്നു. തൊഴിലില്ലാത്ത അറുപത് ശതമാനത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ 40 ശതമാനം എന്ന നിലയിൽ തൊഴിൽ നിലനിർത്തുന്നു. കാർഷികമേഖലയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുന്നു. വിദ്യാഭ്യാസവും ആരോഗ്യസംവിധാനവും തകർത്തു. ബാങ്കുകളും കുത്തകകളും തമ്മിൽ കൈകോർത്തു. പുരോഗതി ഒരു മിഥ്യയായി തുടരുന്നു. അസംതൃപ്തി മാത്രമാണ് യാഥാർത്ഥ്യം. പോരാടാനും എതിർക്കാനും സമരം ചെയ്യാനും വേണ്ട ശക്തിയുടെ ഉറവിടം തേടേണ്ടതുണ്ട്. അത് വിജയത്തിൽ അവസാനിച്ചേക്കാം, പക്ഷേ തോൽവിയുടെ സാധ്യതയും നിഷേധിക്കാനാവില്ല. ഒരു മൃഗശക്തിക്കെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ പാഠം ഓർമ്മിക്കാം. പിന്നീട് ഓരോരുത്തരായി ക്രൂശിക്കപ്പെട്ടൊരു പാഠവും അറിയണം. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ, ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക പശ്ചാത്തലം, അതിന്റെ പാകത എന്നിവയെക്കുറിച്ചുള്ള പാഠങ്ങളിൽ ബോധ്യമുണ്ടാകണം.

Exit mobile version