28 April 2024, Sunday

ഭരണകൂട നീതിപീഠ അഭിമുഖീകരണം

Janayugom Webdesk
May 2, 2022 5:00 am

നാധിപത്യ ഭരണസംവിധാനത്തിൽ ഭരണാധികാരവും നിയമനിർമ്മാണ സഭകളും നീതിപീഠവും തമ്മിലുള്ള പാരസ്പര്യം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ളതാണ്. അവ തമ്മിൽ പാലിക്കേണ്ട ബന്ധത്തെ ജസ്റ്റിസ് രമണ ‘ലക്ഷ്മണരേഖ’ പ്രയോഗത്തിലൂടെ അസന്നിഗ്ധമായി വിശദീകരിക്കുന്നുമുണ്ട്. എവിടെയൊക്കെ രാഷ്ട്രഭരണത്തിൽ നിർണായകമായ ആ പാരസ്പര്യവും സ്വയംഭരണാധികാരവും ലംഘിക്കപ്പെടുന്നുവോ അവിടെ ജനാധിപത്യത്തിന്റെ അന്ത്യം ആരംഭിക്കുകയായി

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ശനിയാഴ്ച ആരംഭിച്ച ദ്വിദിന സമ്മേളനം രാജ്യത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിക്കുകയുണ്ടായി. അതിന്റെ മുഖ്യകാരണം നിയമവും ഭരണഘടനയും അനുസരിക്കുകയാണ് സദ്ഭരണത്തിന് അനിവാര്യമായ മുന്നുറപ്പ് ചീഫ്ജസ്റ്റിസ് എൻ വി രമണയുടെ നിരീക്ഷണമാണ്. ഈ യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ട് കോടതിവിധികൾ നിരന്തരം അവഗണിക്കപ്പെടുന്നത് കേസുകളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതിന് കാരണമാകുന്നു. കാര്യങ്ങൾ നേരാംവണ്ണം നടന്നാൽ കോടതികൾക്ക് ഇടപെടേണ്ടിവരില്ലെന്ന ജസ്റ്റിസ് രമണയുടെ നിരീക്ഷണം അവ അങ്ങനെയല്ലെന്ന പരമോന്നത നീതിപീഠത്തിന്റെ അനുഭവ സാക്ഷ്യമായി വേണം വിലയിരുത്തപ്പെടാൻ. നിയമനിർമ്മാണം, പാർലമെന്റിലായാലും നിയമസഭകളിലായാലും ആവശ്യമായ ഗൗരവത്തോടെയോ മതിയായ മുന്നൊരുക്കങ്ങളോടെയോ കൂടിയാലോചനയോടെയോ അല്ല നടക്കുന്നതെന്ന വിമർശനം നീതിപീഠത്തിന്റേതു മാത്രമല്ല, ജനങ്ങൾക്കാകെ ഉത്തമബോധ്യമുള്ള വസ്തുതയാണ്. പിൻവലിക്കാൻ നിർബന്ധിതമായ കർഷകദ്രോഹ നിയമങ്ങൾ, നാല് തൊഴിൽ കോഡുകൾ, ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ജമ്മു-കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ നിയമനിർമ്മാണം, തെരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യത്തെ തന്നെയും പ്രഹസനമാക്കിമാറ്റിയ തെഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് വഴിയൊരുക്കിയ ഫൈനാൻസ് ബിൽ എന്നിവയെല്ലാം ഭരണ നിർവഹണ, നിയമനിർമ്മാണ രംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യത്തകർച്ചയുടെ മകുടോദാഹരണങ്ങളാണ്. പ്രതിപക്ഷത്തെ അവഗണിച്ചും പ്രതിഷേധങ്ങളെ അടിച്ചമർത്തിയും തുടർന്നുവരുന്ന സ്വേച്ഛാധികാര ഭരണത്തോടുള്ള നീതിപീഠ വിമർശനമായിവേണം ജസ്റ്റിസ് രമണയുടെ വാക്കുകൾ വിലയിരുത്തപ്പെടാൻ.


ഇതുകൂടി വായിക്കൂ:   മനുഷ്യാവകാശങ്ങളെ എത്രനാൾ വിലക്കാനാവും


മുഖ്യമന്ത്രിമാരും ചീഫ്ജസ്റ്റിസുമാരും പങ്കെടുക്കുന്ന സമ്മേളനം നീതിനിർവഹണവും അതിന്റെ വിതരണവും സുഗമവും ലളിതവുമാക്കുന്നതിന് ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും ഒരേവേദിയിൽ കൊണ്ടുവരുന്നതിനും നീതിവ്യവസ്ഥ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കണ്ടെത്തി പരിഹരിക്കുന്നതിനും ലക്ഷ്യംവച്ചുള്ളതാണെന്ന് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞിരുന്നു. ആ ലക്ഷ്യം എത്രത്തോളം കൈവരിച്ചുവെന്നു കാണാൻ രാജ്യം ഇനി ഏറെ കാത്തിരിക്കേണ്ടിയിരിക്കുന്നു. രണ്ടു വർഷത്തിൽ ഒരിക്കൽ കൂടേണ്ടിയിരുന്ന സമ്മേളനം അവസാനം ചേർന്നത് 2016ൽ ആയിരുന്നു. അഞ്ചു വർഷത്തെ ഇടവേളക്കുശേഷം സമ്മേളനം വിളിച്ചുചേർത്തതുതന്നെ ചീഫ്ജസ്റ്റിസ് ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ്. നിലവിലുള്ള നീതിന്യായ സംവിധാനത്തിന് താങ്ങാവുന്നതിലേറെ കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. 42 ലക്ഷം സിവിൽ കേസുകളും 16 ലക്ഷം ക്രിമിനൽ കേസുകളുമടക്കം അവ 58 ലക്ഷം വരും. അവ തീർപ്പാക്കേണ്ട ആയിരക്കണക്കിന് ന്യായാധിപ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഹൈക്കോടതികൾക്ക് അനുവദിച്ചിട്ടുള്ള 1104 തസ്തികകളിൽ 388 എണ്ണവും കഴിഞ്ഞ വർഷം സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത 126ൽ 50 എണ്ണവും ഇതിൽ ഉൾപ്പെടും. കോടതികളുടെ കമ്പ്യൂട്ടർവല്ക്കരണം, ഡിജിറ്റൽവല്ക്കരണം ഉൾപ്പടെയുള്ള ആധുനീകരണം എവിടെയും എത്തിയിട്ടില്ല. ഫലമാകട്ടെ ഏതാണ്ട് നാലു ലക്ഷത്തോളംവരുന്ന വിചാരണത്തടവുകാരടക്കം വ്യവഹാരങ്ങളിൽപ്പെട്ട ദശലക്ഷക്കണക്കിനു പൗരന്മാരുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. വൈകുന്ന നീതി നീതിയുടെ നിഷേധമാണെന്ന സാർവലൗകിക തത്വമാണ് അവഗണിക്കപ്പെടുന്നത്.


ഇതുകൂടി വായിക്കൂ:   ഇത് മരണമല്ല, ഭരണകൂടം കൊന്നതാണ്


നീതിന്യായ വ്യവസ്ഥയും മറ്റെല്ലാവഴികളും അടയുമ്പോൾ കോടതികളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്ന പൗരജനങ്ങളും നേരിടുന്ന ദുരവസ്ഥയുടെ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. ജനാധിപത്യ ഭരണസംവിധാനത്തിൽ ഭരണാധികാരവും നിയമനിർമ്മാണ സഭകളും നീതിപീഠവും തമ്മിലുള്ള പാരസ്പര്യം വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുള്ളതാണ്. അവ തമ്മിൽ പാലിക്കേണ്ട ബന്ധത്തെ ജസ്റ്റിസ് രമണ ‘ലക്ഷ്മണരേഖ’ പ്രയോഗത്തിലൂടെ അസന്നിഗ്ധമായി വിശദീകരിക്കുന്നുമുണ്ട്. എവിടെയൊക്കെ രാഷ്ട്രഭരണത്തിൽ നിർണായകമായ ആ പാരസ്പര്യവും സ്വയംഭരണാധികാരവും ലംഘിക്കപ്പെടുന്നുവോ അവിടെ ജനാധിപത്യത്തിന്റെ അന്ത്യം ആരംഭിക്കുകയായി. ഇന്ത്യയിൽ നരേന്ദ്രമോഡി ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് നിയമനിർമ്മാണ സഭകളെയും നീതിപീഠത്തെയും കീഴ്പ്പെടുത്തി തങ്ങളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത മേൽക്കോയ്മ ഉറപ്പിക്കാനാണ്. സാങ്കേതികമായ ഭൂരിപക്ഷം ഉപയോഗിച്ച് അവർ നിയമനിർമ്മാണസഭയെ അവഗണിക്കുന്നു. പ്രലോഭനങ്ങളും പ്രീണനവും സമ്മർദ്ദ തന്ത്രവും പ്രയോഗിച്ച് നീതിന്യായവ്യവസ്ഥയെ ദുർബലമാക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.