Site iconSite icon Janayugom Online

ഞങ്ങൾ എത്ര മണിക്കൂറാണ് ഉറങ്ങുന്നതെന്ന് അറിയാമോ?; അഭിഭാഷകയോട് ആരാ‌‌ഞ്ഞ് സുപ്രീംകോടതി ജഡ്ജി

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് ഓർമ്മിപ്പിച്ച ജഡ്ജി, “ഒരാളെ തൂക്കിലേറ്റാൻ പോകുന്നില്ലെങ്കിൽ, ഈ കേസ് ഇന്ന് പരിഗണിക്കില്ല” എന്ന് തുറന്നടിച്ചു.
രാജസ്ഥാനിൽ വായ്പ കുടിശ്ശികയെ തുടർന്ന് വീട് ലേലം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് അഭിഭാഷകയായ ശോഭ ഗുപ്ത ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. “ജഡ്ജിമാരുടെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാകില്ല. ഞങ്ങൾ എത്ര മണിക്കൂറാണ് ജോലി ചെയ്യുന്നതെന്നും ഉറങ്ങുന്നതെന്നും നിങ്ങൾക്ക് അറിയാമോ? ആരുടെയെങ്കിലും സ്വാതന്ത്ര്യം അപകടത്തിലല്ലെങ്കിൽ ഈ കേസ് ഇന്ന് പരിഗണിക്കില്ല,” ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 

അഭിഭാഷക വീണ്ടും ആവശ്യം ആവർത്തിച്ചപ്പോൾ, ലേല നോട്ടീസ് എപ്പോഴാണ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ ആഴ്ചയാണ് നോട്ടീസ് ലഭിച്ചതെന്നും, കുടിശ്ശിക തുക ഇതിനകം അടച്ചുതീർത്തതാണെന്നും അഭിഭാഷക മറുപടി നൽകി. ഒടുവിൽ, ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ, ചീഫ് ജസ്റ്റിസിൻ്റെ കോടതിക്ക് മുമ്പാകെ ഒരു കേസും പരാമർശിക്കാൻ മുതിർന്ന അഭിഭാഷകർക്ക് അനുവാദമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് കേസുകൾ പരിഗണിക്കുന്നതിൽ കൂടുതൽ ചിട്ട കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള നടപടിയാണ്.

Exit mobile version