സാക്ഷ്യപ്പെടുത്തിയ രേഖകൾ പരസ്പരം അംഗീകരിക്കുന്ന കരാറിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാരുടെ രേഖകൾ സാക്ഷ്യപ്പെടുത്താൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ഇന്ത്യയിലെ അംഗീകൃത നോട്ടറി ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയതിന് തുല്യമായി ഇതിനെ പരിഗണിക്കണം.
തിരുവനന്തപുരം നെട്ടയം സ്വദേശികളായ ഷാനും നിത്യയും തമ്മിലുള്ള വിവാഹം ഓൺലൈനായി നടത്താൻ അനുമതി തേടി നൽകിയ ഹർജിയിൽ ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഒരു രാജ്യത്ത് സാക്ഷ്യപ്പെടുത്തിയ രേഖകൾ മറ്റൊരു രാജ്യത്ത് അംഗീകരിക്കുന്നതിനുള്ള ഹേഗ് അപ്പോസ്റ്റിൽ കൺവെൻഷനിൽ പങ്കാളിയല്ലാത്ത രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ രേഖകൾ സാക്ഷ്യപ്പെടുത്താൻ ഇതോടെ എംബസി ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കും.
കനേഡിയൻ പൗരത്വമുള്ള പ്രവാസി ഇന്ത്യക്കാരിയായ നിത്യയ്ക്ക് ജോലി സംബന്ധമായി കാനഡയിലേക്ക് അടിയന്തരമായി മടങ്ങേണ്ടിവന്നു. ഇതിനാൽ വിവാഹം ഓൺലൈനിൽ നടത്താൻ അനുവദിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഇങ്ങനെ വിവാഹം കഴിക്കാൻ നിത്യ അവിവാഹിതയാണെന്ന് കാനഡയിലെ അധികൃതർ സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകൾ പരസ്പരം അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കാനഡയില്ല.
ഡിപ്ലോമാറ്റിക് ആൻഡ് കോൺസുലർ ഓഫീസേഴ്സ് ഓത്ത് ആക്ട് പ്രകാരം എംബസി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്താമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. ആർ വി ശ്രീജിത്ത് വാദിച്ചു. ഇത് അംഗീകരിച്ചാണ് കാനഡയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് രേഖകൾ സാക്ഷ്യപ്പെടുത്താനും നോട്ടറി നടപടികൾ സ്വീകരിക്കാനും അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
ഹർജിക്കാർക്ക് ഓൺലൈൻ മുഖേന വിവാഹംകഴിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഇതിനുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. വിവാഹരജിസ്ട്രാർക്ക് മുന്നിൽ ഹാജരാകുന്ന സാക്ഷികൾ വിദേശത്തുള്ള വധുവിനെ തിരിച്ചറിയണം, വധുവിന്റെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം, പവർ ഓഫ് അറ്റോർണിയുള്ള വ്യക്തി വിവാഹരേഖയിൽ ഒപ്പുവക്കണം തുടങ്ങിയ വ്യവസ്ഥകൾ പാലിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.
English Summary: Documents of Overseas Indians can be attested by the Embassy; Online marriage is also allowed
You may like this video also