ക്രിസ്മസ് — പുതുവത്സര സാഹചര്യം പരമാവധി മുതലാക്കാൻ ആഭ്യന്തര വിമാനക്കമ്പനികൾ മത്സരം തുടങ്ങി. ആഭ്യന്തര യാത്രാക്കൂലിയിലുണ്ടായിരുന്ന സർക്കാർ നിയന്ത്രണം എടുത്തു കളയുകയും നിരക്ക് കമ്പനികൾക്ക് സ്വന്തം നിലയിൽ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തതോടെ, ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് രാജ്യത്തെ ജനങ്ങളായി.
മുൻവർഷത്തെ അപേക്ഷിച്ച് മിക്ക റൂട്ടുകളിലും ഇരട്ടിയോളമായി വർധന. ഇന്ധന വില, വിമാനങ്ങളുടെ എൻജിനുൾപ്പെടെയുള്ള വസ്തുക്കളുടെ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധി തുടങ്ങി പല ന്യായങ്ങളും ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് കാരണമായി വിമാനക്കമ്പനികൾ നിരത്തുന്നുണ്ട്.
മുംബൈ — കൊച്ചി റൂട്ടിൽ ജനുവരി വരെ 7,000 രൂപയിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാനില്ല. എന്നാൽ, ക്രിസ്മസിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസങ്ങളിൽ നിരക്ക് 16,000 രൂപയ്ക്ക് മുകളിലാണ്. നേരിട്ടുള്ള സർവീസുകളിലാണെങ്കിൽ ഇതിലും കൂടും. ഡൽഹി — കൊച്ചി, ഡൽഹി — കോഴിക്കോട് റൂട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല.
ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആഭ്യന്തര വിമാനങ്ങളിൽ 9.88 കോടി പേർ യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുൻ വർഷം ഇത് 6.21 കോടി മാത്രമായിരുന്നു. ഒക്ടോബറിൽ മാത്രം ആഭ്യന്തര വിമാനങ്ങളിൽ 1.14 കോടി പേർ യാത്ര ചെയ്തു. പോയ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ വർധനയാണുള്ളത്. യാത്രക്കാരുടെ എണ്ണവും നിരക്കും കൂടിയെങ്കിലും നഷ്ടത്തിലാണെന്നാണ് മിക്ക വിമാനക്കമ്പനികളുടെയും ആവലാതി. കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്ക് അടുത്ത കാലത്തെങ്ങും യാത്രാക്കൂലി കുറയാനിടയില്ലെന്ന് ചുരുക്കം.
കോവിഡിനു ശേഷം വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോഴാണ് 2020 മേയിൽ ആഭ്യന്തര നിരക്കുകളിൽ കേന്ദ്രം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. അതാണ് കഴിഞ്ഞ ഓഗസ്റ്റിൽ പിൻവലിച്ചത്. സെപ്റ്റംബർ മുതൽ പുതിയ രീതി പ്രാബല്യത്തിലാവുകയും ചെയ്തു. എന്നാൽ, സർക്കാർ നിയന്ത്രണമുണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന കാലയളവിലും നിരക്കിന്റെ കാര്യത്തിൽ യാത്രക്കാരെ കൊള്ളയടിക്കുന്നതിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.
ഈ വർഷം മാർച്ചിനും ജൂണിനുമിടയിലായി മാത്രം മൂന്ന് തവണ യാത്രക്കൂലിയിൽ വർധനവുണ്ടായതായി, ആഭ്യന്തര വിമാനങ്ങളിലെ സ്ഥിരം യാത്രക്കാരായ പലരും ചൂണ്ടിക്കാട്ടുന്നു. ഇന്ധന വിലയിലെ വർദ്ധനവാണ് അപ്പോഴും കാരണമായി പറഞ്ഞത്. ഇപ്പോൾ, വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും മധ്യേ കേന്ദ്ര സർക്കാരില്ല എന്ന വ്യത്യാസമേയുള്ളൂ.
English Summary: Domestic air fares are soaring
You may also Like this video