Site iconSite icon Janayugom Online

കിവീസിനെ തകര്‍ത്ത് യുവ ഇന്ത്യ; അണ്ടര്‍ 19 ലോകകപ്പില്‍ ഏഴ് വിക്കറ്റ് വിജയം

അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ ആധിപത്യം പുലർത്തിയ ഇന്ത്യൻ കൗമാരനിര ന്യൂസിലാൻഡ് ഉയർത്തിയ വെല്ലുവിളിയെ അനായാസം മറികടന്നു. ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്സില്‍ കടന്നു. മഴയെത്തുടര്‍ന്ന് 37 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 36.2 ഓവറില്‍ 135 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ടി20 ശൈലിയില്‍ ബാറ്റ് വീശിയതോടെ 13.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മുൻനിര ബാറ്റ്‌സ്മാൻമാരുടെ പക്വതയാർന്ന പ്രകടനം വിജയമുറപ്പിച്ചു. 

27 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 23 പന്തില്‍ 40 റണ്‍സുമായി വൈഭവ് സൂര്യവംശി മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളി താരം ആരോണ്‍ ജോര്‍ജ് (ഏഴ്), വിഹാന്‍ മല്‍ഹോത്ര (17), വേടന്റ് ത്രിവേദി (13) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ബാറ്റിങ് നിരയെ ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സമ്മർദത്തിലാക്കി. 37 റണ്‍സ് നേടിയ കല്ലം സാംസണാണ് ന്യൂസിലാന്‍ഡിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ആര്‍ എസ് അംബരീഷ് നാല് വിക്കറ്റും ഹെനില്‍ പട്ടേല്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

Exit mobile version