Site iconSite icon Janayugom Online

ഇന്ത്യക്കെതിരെയും ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധം

ഇന്ത്യക്കെതിരെയും യുഎസിന്റെ വ്യാപാര യുദ്ധം. യുഎസ് ഇറക്കുമതിക്ക് എത്രയാണോ ഇന്ത്യ ചുങ്കം ഈടാക്കുന്നത് അതേ നിരക്കിൽ തന്നെ തിരിച്ചും ഈടാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ ഇന്ത്യ 100 ശതമാനം ചുങ്കം ഈടാക്കുന്നുണ്ട്. അതേ നിരക്കിൽ തന്നെ അവർക്കും ഇറക്കുമതി ചുങ്കം ചുമത്തും. ഏപ്രിൽ രണ്ട് മുതൽ ഇതു നിലവിൽ വരും. 

അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ആദ്യമായി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനയ്ക്കും താരിഫ് ഏർപ്പെടുത്തിയതിനെ ട്രംപ് ശരിവച്ചു. ശത്രുവാണോ മിത്രമാണോ എന്നത് വിഷയമല്ല. ചൈന, തെക്കൻ കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അമേരിക്കയെ ചൂഷണം ചെയ്യുകയാണ്. അവർക്കും അതേ അളവിൽ തന്നെ ഇറക്കുമതി ചുങ്കം ചുമത്തുമെന്നും ട്രംപ് അറിയിച്ചു. 

അമേരിക്കയിൽ ഉല്പന്നങ്ങൾ നിർമ്മിക്കാത്തവർക്ക് ഉയര്‍ന്ന നികുതി അടയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അമേരിക്കയിൽ നിരവധി നികുതി ഇളവുകളും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓട്ടോ മൊബൈല്‍ അടക്കമുള്ള മേഖലകളില്‍ ഇന്ത്യ ഉയര്‍ന്ന താരിഫ് ചുമത്തുന്നുവെന്നാണ് ട്രംപിന്റെ പരാതി. ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് വാഹനനിര്‍മ്മാണ കമ്പനിയായ ടെസ്‌ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കാനിരിക്കെ വാഹന ഇറക്കുമതി തീരുവ പൂജ്യം ശതമാനമാക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 110 ശതമാനം വരെ ഉയർന്നതാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ നികുതിയാണെന്ന് ഇലോൺ മസ്‌ക് തന്നെ വിമർശിച്ചിരുന്നു.
പ്രതിവർഷം നാല് ദശലക്ഷം വാഹനങ്ങൾ വിറ്റഴിയുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും സംരക്ഷിത വിപണികളിലൊന്നാണ്. ഇറക്കുമതി താരിഫ് കുറയ്ക്കുന്നത് പ്രാദേശിക ഉല്പാദനത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയും ഉള്‍പ്പെടെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കള്‍ എതിര്‍ക്കുകയും ചെയ്യുന്നു. 

ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്കത്തെ നേരിടാന്‍ താരിഫുകളില്‍ പുനഃപരിശോധന നടത്താനുളള ആലോചനകള്‍ ഇന്ത്യ പരിഗണിക്കുന്നുണ്ട്. എങ്കിലും വാഹന ഇറക്കുമതിയിലടക്കം തീരുവ പൂജ്യത്തിലേക്ക് കൊണ്ടുവരാൻ തയ്യാറായേക്കില്ല. കഴിഞ്ഞ മാസം ആഡംബര മോട്ടോർസൈക്കിളുകൾ ഉൾപ്പെടെ ഏകദേശം 30 ഇനങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു.
അമേരിക്ക ഇന്ത്യയ്ക്കുമേൽ തത്തുല്യ ഇറക്കുമതി ചുങ്കം ചുമത്തിയാൽ ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് യുഎസില്‍ വിലവര്‍ധനവുണ്ടാകും. ഇന്ത്യൻ ഉല്പന്നങ്ങള്‍ക്ക് യുഎസില്‍ ആകര്‍ഷണീയതയും ഡിമാന്‍ഡും കുറയ്ക്കുന്നതിനും ഇടയാകും. ഇത് ഇന്ത്യന്‍ കമ്പനികളുടെ യുഎസിലേക്കുളള കയറ്റുമതിയെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കും. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണ് വിലയിരുത്തല്‍. ഇതിനെയും വ്യാപാരയുദ്ധം ദോഷകരമായി ബാധിക്കും.

Exit mobile version