Site iconSite icon Janayugom Online

പണമില്ലാത്തതിനാല്‍ പഠനയാത്രയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിവാക്കരുത് : സര്‍ക്കുലര്‍ പുറത്തിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.പണം ഇല്ല എന്ന കാരണത്താൽ ഒരു വിദ്യാർഥിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്‌.

ഇത്തരത്തിൽ സൗജന്യമായി ഏതെങ്കിലും കുട്ടിയെ പഠനയാത്രയിൽ ഉൾപ്പെടുത്തിയാൽ ഈ വിവരം മറ്റു കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്‌ടർ എസ്‌ ഷാനവാസ്‌ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മന്ത്രി വി ശിവൻകുട്ടിയുടെ പ്രത്യേക നിർദേശപ്രകാരമാണ്‌ സർക്കുലർ ഇറക്കിയത്‌.

പഠനയാത്രയോടൊപ്പം കൂടെ പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് കുട്ടികളിൽ നിന്നും ഈടാക്കരുത്‌. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പരമാവധി ഒഴിവാക്കുകയും നടത്തുന്ന പക്ഷം അതിന്റെ സാമ്പത്തിക ബാധ്യത കട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാത്തവിധവും ശ്രദ്ധിക്കണം. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള എല്ലാ സ്കൂളുകൾക്കും നിർദേശം ബാധകമാണ്. 

Exit mobile version