കോർപ്പറേറ്റ് സ്വകാര്യമേഖലകളുടെ വളർച്ചക്കും നിലനില്പിനുമായി മാത്രം രൂപകല്പന ചെയ്തുണ്ടാക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങളിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടതില്ലെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പണ്ഡ. സർക്കാർ പ്രോജക്റ്റ് വർക്കേഴ്‌സ് (എഐടിയുസി) സംസ്ഥാന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി നാല് ലേബർ കോഡുകൾ പിൻവലിച്ച് പഴയ 29 തൊഴിൽ നിയമങ്ങൾ നിലനിർത്തണം എന്ന ആവശ്യമുന്നയിച്ച് എഐടിയുസി ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്ന് കരിദിനം ആചരിക്കും. ഇത് വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രോജക്റ്റ് വർക്കുകൾ നിർത്തലാക്കാനോ, ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ പോലും പിരിച്ചു വിടാന്‍ അനുവദിക്കില്ലെന്നും അവരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്നും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു.
എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രൊജക്ട് വര്‍ക്കേഴ്സ് സംസ്ഥാന സെക്രട്ടറി എ ശോഭ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി വി എസ് സുനിൽകുമാർ, എഐടിയുസി ദേശീയ വർക്കിംഗം കമ്മിറ്റിയംഗം കെ മല്ലിക, ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം സി വി പൗലോസ് എന്നിവർ സംസാരിച്ചു. സ്ഥാന സർക്കാരിനും കാർഷിക സർവകലാശാലക്കും കീഴിലായി വിവിധ പ്രോജക്റ്റുകളിലും സ്കീമുകളിലുമായി ജോലി ചെയ്യുന്ന വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പ്രീത സുരേഷ്, പി സുരേഷ് ബാബു, എം ജി ഇന്ദു, ലിന്റ സിനീഷ്, ടി എസ് സുധീഷ്, പി കാർത്തിക്, എൽ റംസ, യു ജി ബിന്ദു, കെ പി സൗധ, പി കെ മുഹമ്മദ് നബീൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.