പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നതിനെ എതിർക്കുന്ന പരിസ്ഥിതിവാദികളെ വികസന വിരുദ്ധരെന്ന് ചിത്രീകരിക്കുന്ന സമീപനം ശരിയല്ലെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു.
കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ട അതിരപ്പിള്ളി പോലെയുള്ള പദ്ധതികൾ നടപ്പിലാക്കിയാലുണ്ടാകുന്ന പ്രകൃതിദുരന്തം ഉത്തരാഖണ്ഡിലെ ജോഷിമഠ് സൂചിപ്പിക്കുന്നതിൽ നിന്നും ഭരണകൂടങ്ങൾക്ക് ബോധ്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വപഠന ക്യാമ്പ് ‘ഹരിതം’ തൃശൂർ അതിരപ്പിള്ളി പ്ലാന്റേഷൻ വാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കെഎടിഎസ്എ ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ ഉണ്ണി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സായൂജ് കൃഷ്ണൻ സ്വാഗതം പറഞ്ഞു. കാംസഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് തൃപ്പൂണിത്തുറ രചിച്ച ‘മെക്കാബർ’ എന്ന നോവൽ അഡ്വ. കെ പ്രകാശ് ബാബു പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി സതീഷ് കണ്ടല സംഘടനാരേഖ അവതരിപ്പിച്ചു. പ്രസിഡന്റ് എൻ കെ സതീഷ് പതാക ഉയർത്തി. കെ പി ഗോപകുമാർ, എഡിസൺ ഫ്രാൻസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി “ചാലക്കുടി പുഴ ഒഴുകട്ടെ” എന്ന പ്രതിജ്ഞയുമായി ക്യാമ്പ് അംഗങ്ങൾ ഇന്ന് പ്രകൃതി സംരക്ഷണ നടത്തം സംഘടിപ്പിക്കും. ക്യാമ്പ് ഇന്ന് സമാപിക്കും.
English Summary: Don’t insult environmentalists as anti-development: Adv. K. Prakash Babu
You may also like this video