കാര്യവട്ടത്തെ ഇന്ത്യ‑ശ്രീലങ്ക ക്രിക്കറ്റ് മാച്ചിൽ കാണികൾ കുറഞ്ഞതിന്റെ പഴി സർക്കാരിന്റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മന്ത്രി എം ബി രാജേഷ് പാലക്കാട്ട് പറഞ്ഞു. ക്രിക്കറ്റ് മത്സരം കാണാൻ ആളുകൾ കുറഞ്ഞത് സർക്കാർ വിനോദനികുതി വർധിപ്പിച്ചതു കൊണ്ടാണെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. സർക്കാർ വിനോദനികുതി കുറയ്ക്കുകയാണ് ചെയ്തത്. ക്രിക്കറ്റ് അസോസിയേഷൻ ഉന്നയിക്കാത്ത ആരോപണമാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് 48 ശതമാനം വരെ വിനോദനികുതി ചുമത്താമെന്നും അതിൽതന്നെ 24 ശതമാനം നികുതിമാത്രമാണ് ചുമത്തിയതെന്നും ഇത് പിന്നീട് 12 ശതമാനമാക്കി കുറച്ചിരുന്നെന്നും എം ബി രാജേഷ് പറഞ്ഞു. അത് കെസിഎ ഭാരവാഹികള്‍ക്ക് അറിയാം. എന്നാല്‍ അവരുടെ പിടിപ്പുകേടിനെ മറച്ചുവെച്ചുള്ള പ്രചരണമാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മത്സരം കാണാൻ ആളെത്താതിരുന്നത് മറ്റ് കാരണങ്ങൾ കൊണ്ടാവാം. തെറ്റായ പ്രചാരണങ്ങള്‍ പൊളിഞ്ഞപ്പോൾ കായികമന്ത്രിയെ പഴി ചാരുകയാണ് ഇപ്പോൾ ചെയ്യുന്നത്. വസ്തുതകൾ മറച്ചുവെച്ച് മാധ്യമങ്ങൾ പരിധി വിട്ട് സർക്കാർ വിരുദ്ധ വേല നടത്തുകയാണെന്നും ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്മാറുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
English Summary: Don’t put the blame on the government for low attendance: Minister MB Rajesh
You may also like this video