Site iconSite icon Janayugom Online

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്ക് വാതില്‍

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബ്രസല്‍സിലെ ഹബ്. ബ്രസല്‍സും ധാരണാപത്രം ഒപ്പിട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവച്ചത്. 

ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെയും സാമ്പത്തികവികസനത്തിന്റെയും ചുമതലയുള്ള ഏജന്‍സിയാണ് ഹബ്. ബ്രസല്‍സ്. കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍ഫിനിറ്റി സെന്റര്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സ്ഥാപിക്കും. സൗജന്യ വര്‍ക്കിങ് സ്പേസ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിങ് റൂം സൗകര്യം, ബിസിനസ് ശൃംഖല അവസരങ്ങള്‍ എന്നിവയും ലഭ്യമാകും. 

ഇതേ മാതൃകയില്‍ ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌യുഎമ്മിലും സമാന സംവിധാനമൊരുക്കും. കെഎസ്‌യുഎമ്മിന്റെ ഡെമോ ഡേ, വിപണി പ്രവേശന പരിപാടികള്‍, ഇന്ത്യന്‍ ബിസിനസ് സമൂഹവുമായുള്ള ആശയവിനിമയം എന്നിവയില്‍ ബെല്‍ജിയത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരമുണ്ടാകും. 

ഹെല്‍ത്ത് കെയര്‍ ടെക്, ലൈഫ് സയന്‍സസ്, റബ്ബര്‍ അധിഷ്ഠിത നൂതന സംരംഭങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റം, ഭക്ഷ്യ‑കാര്‍ഷിക സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ സഹകരണത്തിന് ഏറെ സാധ്യതകളുണ്ട്. ബിസിനസ് റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (ബിആര്‍എം), ഡാറ്റാ ഇന്റലിജന്‍സ്, ക്ലീന്‍ ടെക്നോളജി, എഐ, ഡാറ്റാ ഇന്റലിജന്‍സ്, ഫിന്‍ എഐ എന്നീ മേഖലകളിലാണ് ബെല്‍ജിയം സ്റ്റാര്‍ട്ടപ്പുകള്‍ മുഖ്യമായി പ്രവര്‍ത്തിക്കുന്നത്.

കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, ഹബ്. ബ്രസല്‍സ് ഡെപ്യൂട്ടി സിഇഒ അന്നലോര്‍ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്. സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള ലോഞ്ച് പാഡായി കേരളത്തെ മാറ്റുന്നതിനുള്ള നിര്‍ണായക കാല്‍വയ്പ്പാണിതെന്ന് അനൂപ് അംബിക പറ‌ഞ്ഞു. ലോകത്തിലെ തന്നെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് മേഖലയായി ഈ സഹകരണത്തോടെ കേരളം മാറിയിരിക്കുകയാണ്. ഇന്ത്യയും യൂറോപ്പുമായി സക്രിയവും ആഴത്തിലുള്ളതുമായ സഹകരണം ഉറപ്പുവരുത്താനും പുതിയ വളര്‍ച്ചാ സാഹചര്യങ്ങള്‍ സ്വായത്തമാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളം മുന്നോട്ടുവയ്ക്കുന്ന മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോളതലത്തില്‍ കൂടുതല്‍ മെച്ചമായി അവതരിപ്പിക്കുന്നതിനും ആഗോളവിപണിയിലേക്ക് എളുപ്പത്തിലെത്താനും ഹബ്. ബ്രസല്‍സുമായി കൈകോര്‍ക്കുന്നതിലൂടെ സാധിക്കും. ബിസിനസ് വളര്‍ത്താനും, കൂടുതല്‍ വിപണി സാന്നിധ്യം അറിയിക്കാനും, തന്ത്രപ്രധാനമായ സഹകരണം വളര്‍ത്താനും ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുങ്ങും. ഉഭയകക്ഷി സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘം, പ്രതിഭാസംഗമം, ഗവേഷണം, കേരള ഐടിക്ക് കീഴിലെ സംരംഭകസാധ്യതകള്‍ എന്നിവയ്ക്കെല്ലാം ഇത് ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version