Site iconSite icon Janayugom Online

സുഹൃത്തുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന് സംശയം; രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി

സുഹൃത്തുമായി ഭാര്യയ്ക്ക് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പാടം പടയണിപ്പാറ സ്വദേശി ബൈജുവാണ് ഭാര്യ വൈഷ്ണ (27), അയൽവാസി വിഷ്ണു (34) എന്നിവരെ കൊലപ്പെടുത്തിയത്. പ്രതിയായ ബൈജുവിനെ (34) കൂടൽ പൊലീസ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു നൽകി. 

വൈഷ്ണയുടെ കയ്യിൽ ഒരു മൊബൈൽ ഫോൺ കണ്ടതുമായി ബന്ധപ്പെട്ട് ബൈജു വഴക്കിട്ടിരുന്നു. സുഹൃത്തും സമീപവാസിയുമായ വിഷ്ണുവുമായി വൈഷ്ണയ്ക്ക് അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. തർക്കത്തെ തുടർന്ന് വൈഷ്ണ പുറത്തിറങ്ങി വിഷ്ണുവിന്റെ വീട്ടിലേക്കു പോയി. കൊടുവാളുമായി പിന്തുടർന്നെത്തിയ ബൈജു ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നാലെ വിഷ്ണുവിനെയും വെട്ടി പരുക്കേൽപിച്ചു. ബൈജു കൊടുവാൾ കൊണ്ട് വെട്ടിയതായും പിടിച്ചു മാറ്റാൻ
ശ്രമിച്ചപ്പോൾ തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിഷ്ണുവിന്റെ അമ്മ സതി പൊലീസിനോട് പറഞ്ഞു. ഇതിനു ശേഷം ബൈജു തന്നെ ഒരു സുഹൃത്തിനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വിഷ്ണുവിനെ പത്തനംതിട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം
സംഭവിച്ചിരുന്നു.

Exit mobile version