Site iconSite icon Janayugom Online

സംശയിച്ചാല്‍ സമാധാനം തകരും

വാക്ക് പറയുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പറഞ്ഞ വാക്കിനെ പ്രതി പ്രാണന്‍ പൊരിഞ്ഞു വേദനിക്കേണ്ടി വരും എന്ന നില ദശരഥ രാജന് രാമാഭിഷേക പ്രഖ്യാപന സന്ദര്‍ഭത്തില്‍ മാത്രമല്ല അതിനു മുമ്പും ഉണ്ടായിട്ടുണ്ട്. വിശ്വാമിത്ര മഹര്‍ഷി യാഗരക്ഷയ്ക്ക് സഹായം ചോദിച്ചുവന്നപ്പോള്‍ വന്നതെന്തിനെന്നു ചോദിക്കാതെതന്നെ ചോദിക്കുന്നതെന്തും നല്‍കാം എന്നു ദശരഥന്‍ വാക്കുനല്‍കി. വിശ്വാമിത്ര മഹര്‍ഷി ‘രാക്ഷസരില്‍ നിന്നു യാഗം രക്ഷിക്കാന്‍ രാമ ലക്ഷ്മണന്മാരെ കൂടെ അയയ്ക്കണം’ എന്നാവശ്യപ്പെട്ടപ്പോള്‍ വാക്കുകൊടുത്തത് അബദ്ധമായി എന്ന് ദശരഥനു തോന്നുകയും ഏറെ സംഘര്‍ഷപ്പെടുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ബഹുഭാര്യാത്വവും ഏകപത്നീ വ്രതവും


ആലോചിക്കാതെ വാക്കുകൊടുക്കുക എന്നതു മാത്രമല്ല ആളുകളെ വേണ്ടത്ര മനസിലാക്കാതെ സംശയിക്കുക എന്നതും ദശരഥന്റെ പ്രകൃതമായിരുന്നു. ഇതിന് ഉദാഹരണമാണ് ഭരതനോട് ദശരഥന്‍ പുലര്‍ത്തിയ നിലപാടുകള്‍. ഭരതന്‍ അമ്മയുടെ നാടായ കേകയത്തേക്ക് പോയ തക്കത്തിനുതന്നെ രാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ ധൃതിപ്പെട്ട് തീരുമാനിക്കുന്നു. ഈ തീരുമാനത്തിനുപിന്നില്‍ ഭരതന്‍ രാമാരാജാഭിഷേകം തടസപ്പെടുത്തിയാലോ എന്ന സംശയമാണ്. എന്തായാലും ഭരതനെ അറിയിക്കാതെ രാമാഭിഷേകം നടത്താനെടുത്ത തീരുമാനത്തിലെ ദുരൂഹതയില്‍ ആശങ്കപ്പെട്ടാണ് മന്ഥര എന്ന കൈകേയിയുടെ വിശ്വസ്ത ദാസി അഭിഷേകവിഘ്നം ചെയ്യാന്‍ കൈകേയിയെ പ്രേരിപ്പിക്കുന്നത്. രാമാഭിഷേക വിഘ്നം രാജാദശരഥന്റെ കുടുംബത്തിലുണ്ടാക്കിയ അന്തഃസംഘര്‍ഷങ്ങളും വിലാപങ്ങളും എല്ലാവര്‍ക്കും അറിയാമല്ലോ. ഈ സംഘര്‍ഷ സങ്കടങ്ങള്‍ക്കെല്ലാം കാരണം ഭരതന്‍ രാജ്യം മോഹിച്ചു രാമാഭിഷേകം മുടക്കുമോ എന്ന ദശരഥന്റെ സംശയമാണ്. ഈ സംശയം ദൂരീകരിക്കാന്‍ വസിഷ്ഠനോ മറ്റ് ഉപദേശകരോ തയ്യാറായതുമില്ല.


ഇതുകൂടി വായിക്കൂ: രാമായണത്തിന്റെ സനാതന മാഹാത്മ്യം


തന്റെ നാലുമക്കളില്‍ രണ്ടാമനായ ഭരതന്റെ ഉള്ളിലുള്ള നിഷ്‌കപടമായ രാമസ്നേഹം തിരിച്ചറിയാന്‍ കഴിയാതെ പോയ ദശരഥ മഹാരാജാവ് ജനഹിതം തിരിച്ചറിഞ്ഞ് നാടുഭരിച്ചിരുന്നു എന്നെങ്ങനെ പറയാനാകും. ‘ഭരതനെ വാഴിക്കണം’ എന്ന ചിന്ത കൈകേയി അവതരിപ്പിച്ച ഉടനെ ‘എന്തായാലും ഭരതനെ വരുത്താന്‍ ആളെ വിടാം. ഭരതന്‍ വന്നതിനു ശേഷം ബാക്കി കാര്യങ്ങള്‍ ചെയ്യാം’ എന്നു ദശരഥന്‍ പറഞ്ഞിരുന്നെങ്കില്‍ യുവരാജാഭിഷേകത്തെപ്രതി ഇത്രയേറെ സംഘര്‍ഷ കാലുഷ്യങ്ങള്‍ അയോധ്യാ രാജധാനിയില്‍ ഉണ്ടാകുമായിരുന്നോ? ഉണ്ടാവില്ലായിരുന്നു എന്നുറപ്പാണ്. പക്ഷേ ഭരതനെ പ്രതി സംശയഗ്രസ്തമായിരുന്ന ദശരഥമാനസത്തില്‍ സമാധാനത്തിന്റെ വിവേകവഴികള്‍ തെളിയുക അസാധ്യമായിരുന്നു.


ഇതുകൂടി വായിക്കൂ: രാമായണത്തിലെ കുടുംബങ്ങളും അവ നൽകുന്ന പാഠങ്ങളും


സംശയമുള്ളിടത്ത് സംഘര്‍ഷമല്ലാതെ സമാധാനം വളരില്ല എന്ന വലിയ പാഠം രാമാഭിഷേക സന്ദര്‍ഭത്തില്‍ രാമായണം വരഞ്ഞു കാട്ടുന്നുണ്ട്. മുസ്ലിമിനെ സംശയിക്കുന്ന ഹിന്ദുവും ഹിന്ദുവിനെ സംശയിക്കുന്ന മുസ്ലിമും ഈ ഇരുകൂട്ടരെയും സംശയിച്ചു പമ്മിപ്പതുങ്ങി കാര്യങ്ങള്‍ ചെയ്യുന്ന ക്രിസ്ത്യാനികളുമായി ഇന്ത്യന്‍ പൗരരായ മനുഷ്യര്‍ മാറിയാല്‍, രാമാഭിഷേക വിഘ്നകാലത്തെ അയോധ്യയിലെ അന്തഃസംഘര്‍ഷങ്ങള്‍ അല്ലാതെ ജനഹിതം നിറവേറുന്നതിന്റെ സമാധാനം നമ്മുടെ രാജ്യത്ത് ഉണ്ടാവില്ല. ലോകത്തെവിടെയായാലും സംശയമുള്ളിടത്തു സമാധാനം ഉണ്ടാവില്ല. ദശരഥന്റെ ഉള്ളിലെ ഭരതനെപ്പറ്റിയുളള സംശയം അയോധ്യയിലെ അഭിഷേകാഘോഷത്തെ ആര്‍ത്തവിലാപമാക്കി തീര്‍ത്തു. സംശയിക്കാതെ, എന്തിനെയും ആരെയും മനസിലാക്കാനാണ് ശ്രമിക്കേണ്ടത്.

Exit mobile version