രാജ്യത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജുകളിലെ കാമ്പസ് റിക്രൂട്ട്മെന്റില്‍ വന്‍ ഇടിവ്. 50 മുതല്‍ 70 ശതമാനം വരെയാണ് കുറവെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) കോഴ്സാണ് ഏറ്റവുമധികം പിന്നാക്കം പോയത്. ഐടി കമ്പനികളുടെ തകര്‍ച്ചയാണ് കാമ്പസ് റിക്രൂട്ട്മെന്റിന് പ്രധാന വിലങ്ങുതടി. ഓട്ടോമൊബൈല്‍, എയ്റോനോട്ടിക്സ്, ബയോ ടെക്നോളജി, ബയോ മെഡിക്കല്‍ സയന്‍സ്, ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലും പുതിയ തൊഴിലവസരം കുറയുകയാണ്.
കമ്പനികള്‍ കാമ്പസ് അഭിമുഖം വഴി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരുന്നുവെന്ന് ബിഎംഎല്‍ മുന്‍ജാല്‍ സര്‍വകലാശാലയിലെ സീനിയര്‍ ഡയറക്ടര്‍ ശാന്തനില്‍ ദാസ് ഗുപ്ത പറഞ്ഞു. നിലവിലെ പാഠ്യപദ്ധതി പരിഷ്കരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. കാമ്പസ് റിക്രൂട്ട്മെന്റിലെ ഇടിവ് എന്‍ജിനീയറിങ് കോഴ്സുകളുടെ ഭാവി തന്നെ അവതാളത്തിലാക്കിയിരിക്കയാണ്. ഇപ്പോഴത്തെ സാഹചര്യം മറികടക്കാന്‍ കാത്തിരിക്കുകയാണെന്നും ദാസ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 63 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചിടത്ത് 20 മുതല്‍ 25 ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്.
രാജ്യത്തെ ഭൂരിപക്ഷം എന്‍ജിനീയറിങ് കോളജുകളും സമാന പ്രതിസന്ധി നേരിടുന്നതായി അമിറ്റി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അന്‍ജാനി കുമാര്‍ ഭട്നാഗര്‍ അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 30 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് കാമ്പസ് റിക്രൂട്ട്മെന്റിന്റെ പ്രയോജനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 60 ശതമാനം പേര്‍ക്ക് പ്രയോജനം ലഭിച്ച സ്ഥാനത്താണ് ഇത്രയും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
വന്‍കിട ഐടി കമ്പനികളില്‍ നിന്നുള്ള പ്രതികരണം കുറഞ്ഞതോടെ എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കെനേരു ലക്ഷ്മയ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ പ്ലേസ്‌മെന്റ് ഡയറക്ടര്‍ ശ്രാവണ്‍ബാബു പറഞ്ഞു. ഐടി കമ്പനികളുടെ സാമ്പത്തികത്തകര്‍ച്ചയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വളര്‍ച്ച മുരടിച്ചതും കാമ്പസ് റിക്രൂട്ട്മെന്റിന്റെ വളര്‍ച്ച ഗണ്യമായി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ എന്‍ജിനീയറിങ് പഠനത്തിന് ആവശ്യത്തിന് വിദ്യാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യം രാജ്യത്ത് വളര്‍ന്നുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Drop in Placement at Private Engineering Institutes
You may also like this video