Site iconSite icon Janayugom Online

വരൾച്ചയും ജലക്ഷാമവും രൂക്ഷം: കാർഷിക രീതികൾ മാറ്റാനൊരുങ്ങി കർഷകർ

cabbagecabbage

വരൾച്ചയും ജലക്ഷാമവും കണക്കിലെടുത്ത് വിളകളെ സംരക്ഷിക്കാനായി സർക്കാർ സഹായത്തിൽ കാർഷിക രീതികൾ മാറ്റാനൊരുങ്ങി കർഷകർ. വിളകൾക്ക് അനുയോജ്യമായ തരത്തിൽ ഗ്രീൻ ഹൗസ് ഫാമിങ്ങുകളിലേക്ക് കൃഷിയിടങ്ങൾ മാറുകയാണ്. ആലപ്പുഴ ജില്ലയിലെ ജൈവ പച്ചക്കറി ഉല്പാദന കേന്ദ്രമായ കരപ്പുറം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഇത്തരം കൃഷി രീതികളിലേക്ക് കർഷകർ എത്തികഴിഞ്ഞു. വേനൽകാലത്ത് ഉണ്ടാകുന്ന പരമാവധി വിള നഷ്ടം ഒഴിവാക്കി കൃഷിയെ മെച്ചപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ജില്ലയിൽ പുതിയതായി 250 ഫാമുകളാണ് ഒരുങ്ങുന്നത്. മറ്റ് ജില്ലകളിലും ആവശ്യക്കാർ വർധിക്കുകയാണ്. പോളിഹൗസുകൾ എന്ന് അറിയപ്പെടുന്ന ഇവക്ക് ചൂട്, മഴ, തണുപ്പ് തുടങ്ങിയ കാലാവസ്ഥകളിൽ നിന്നും കൃഷിയിടങ്ങളെ സംരക്ഷിച്ച് നിർത്താൻ കഴിയും. ഗ്രീൻ ഹൗസ് ഫാമിങ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്സിഡിയും ബാങ്ക് ലോണും ഉൾപ്പെടെ ഇപ്പോൾ ലഭ്യമാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് 50 ശതമാനം മുതൽ 75 ശതമാനം വരെ സബ്‍സിഡി ലഭിക്കും. കൂടുതൽ സ്ഥലത്തും ഗ്രീൻ ഹൗസ് ഫാമിങ് വികസിപ്പിച്ച് വരുമാനം നേടാം.

സുതാര്യമായ യുവി ട്രീറ്റഡ് പോളി എത്തലിൻ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ, ഭാഗികമായോ മറച്ച് ഒരു വീടുപോലെ ആക്കിയെടുക്കുന്നതിനാണ് ഗ്രീൻ ഹൗസ് എന്നു പറയുന്നത്. ശാസ്ത്രീയമായ ജലസേചനം, വളമിടൽ, തുടങ്ങിയ കാര്യങ്ങൾ പോളീഹൗസിലൂടെ നടപ്പിലാക്കാം. ഇത്തരത്തിലൂള്ള കൃഷി രീതിയിലൂടെ സാധാരണ കൃഷിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ എട്ടിരട്ടിയോളം അധികം വിളവ് ഉണ്ടാകും.

ഒരു ഗുണഭോക്താവിന് പരമാവധി 50 ലക്ഷം വരെ സബ്‍സിഡി ലഭിക്കും. 400 ചതുരശ്ര മീറ്റർ മുതൽ ഒരു ഏക്കർ വരെ സ്ഥലത്ത് ഗ്രീൻഹൗസ് ഫാമിങ് നടത്താൻ ഉദ്ദേശിക്കുന്നവർക്ക് 50 ശതമാനം സബ്സിഡി ലഭിക്കും. നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെയും രാഷ്ട്രീയ കൃഷി വികാസ് യോജനയുടെയും പദ്ധതികൾ പ്രകാരമാണ് കൃഷിക്ക് സബ്സിഡി നൽകുന്നത്. സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് സബ്‍സിഡി ലഭ്യമാക്കുന്നത്. പുഷ്പകൃഷിക്കും പച്ചക്കറികൃഷിക്കും സബ്സിഡി ലഭിക്കും.

സംസ്ഥാന സർക്കാരിന്റെയും വെജിറ്റബിൾ ഡെവലപ്മെന്റ് സ്കീം പ്രകാരം പച്ചക്കറിക്ക് മാത്രമായും സബ്‍സിഡി ലഭ്യമാണ്. നാഷണൽ മിഷൻ ഓൺ മൈക്രോ ഇറിഗേഷൻ പദ്ധതി പ്രകാരം 90 ശതമാനം വരെ സബ്സിഡി ലഭിക്കും. 10 സെന്റ് വരെയുള്ള പോളിഹൗസുകൾക്ക് 75 ശതമാനം സബ്സിഡി ലഭിക്കും. കർഷകന് മുടക്കേണ്ടി വരുന്നത് 25 ശതമാനം തുക മാത്രമാണ്. ആവശ്യമെങ്കിൽ ഇത് ബാങ്ക് വായ്പയായി ലഭിക്കും. സാധാരണ കൃഷിയിൽ 2.5 ഏക്കറിൽ നിന്ന് ലഭിക്കുന്ന വരുമാനം ഗ്രീൻ ഹൗസിലെ 25 സെന്റിൽ നിന്ന് ലഭിക്കും എന്ന് അധികൃതർ പറയുന്നു.

Eng­lish Sum­ma­ry: Drought and water scarci­ty acute: Farm­ers ready to change farm­ing methods

You may like this video also

Exit mobile version