Site iconSite icon Janayugom Online

ഭോപ്പാലില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി

മധ്യപ്രദേശില്‍ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയില്‍ നിന്ന് 1,814 കോടി രൂപ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ സന്യാൽ പ്രകാശ് ബാനെ, അമിത് ചതുർവേദി എന്നിവരെ എന്‍സിബി അറസ്റ്റ് ചെയ്തു.

രാസ ലഹരി മരുന്നായ മെഫെഡ്രോൺ(എംഡി) നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളുമാണ് പിടികൂടിയത്. 2017ൽ സമാനമായ മയക്കുമരുന്ന് കേസിൽ സന്യാൽ പ്രകാശ് ബാനെ മുംബൈയില്‍ അറസ്റ്റിലായിരുന്നു. അഞ്ചുവർഷത്തെ ജയിൽവാസത്തിനിടെ അമിത് ചതുർവേദിയെ പരിചയപ്പെട്ടു. ജയില്‍ മോചിതനായ ശേഷം ചതുര്‍വേദിയുമായി ചേര്‍ന്ന് ബഗ്രോഡ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു ഷെഡ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു. 

പ്രതിദിനം 25 കിലോഗ്രാം എംഡി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ഫാക്ടറി അനധികൃത മയക്കുമരുന്ന് നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായിരുന്നുവെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 907 കിലോഗ്രാം മെഫെഡ്രോണ്‍, 5,000 കിലോഗ്രാം അസംസ്‌കൃത വസ്തുക്കള്‍, ഗ്രൈൻഡറുകൾ, മോട്ടോറുകൾ, ഗ്ലാസ് ഫ്ലാസ്‌ക്കുകൾ, ഹീറ്ററുകൾ, മയക്കുമരുന്ന് രാസ സംസ്കരണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മയക്കുമരുന്ന് സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലും വ്യാപകമായ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. മഹിപാല്‍പൂരില്‍ 560 കിലോ കൊക്കെയ്‌നും 40 കിലോ ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൊക്കെയ്ന്‍ ഉള്‍പ്പെടെ മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. 

Exit mobile version