എറണാകുളം പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് പൊലീസിന്റെ പിടിയിലായത്. വിപണിയിൽ 70 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പാർക്ക് ചെയ്ത കാറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ പിടികൂടുകയായിരുന്നു. സിനിമാ ഷൂട്ടിങ്ങിനാണെന്ന് പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തായിരുന്നു ഇവർ എംഡിഎംഎ കച്ചവടം നടത്തിയത്.
വീടിന്റെ മുൻവശത്ത് ഷൂട്ടിങ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് പലരീതിയിലുളള സംവിധാനങ്ങളും പ്രതികൾ ഒരുക്കിയിരുന്നു. മുൻവശത്ത് തന്നെയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്ന കാര്‍ പാർക്ക് ചെയ്തിരുന്നതും. രഹസ്യവിവരം സ്ഥിരീകരിച്ചതിന് ശേഷം രണ്ട് കാറുകളിലായിട്ടാണ് പൊലീസ് എത്തിയത്. പ്രതികൾ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ പൊലീസ് വീട് വളഞ്ഞിരുന്നു. ഇതിനിടെ ഒരാൾ വീടിന്റെ പുറക് വശം വഴി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഈ വീട് കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ ഏജന്റുമാർ വഴി എംഡിഎംഎ എത്തിക്കുകയായിരുന്നു. ക്രിസ്‌മസ് പുതുവര്‍ഷാഘോഷങ്ങളുടെ മറവിൽ കൊച്ചിയിലേക്ക് വൻ തോതിലുള്ള മയക്കുമരുന്ന് എത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ശക്തമായ പരിശോധന നടത്തുന്നതിനിടയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. കേരളത്തിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
English Summary: Drugs worth 70 crore seized in Kochi
You may also like this video