Site icon Janayugom Online

ഇടതുപക്ഷത്തിന് മുന്നിലെ കടമകൾ

Indrajith Guptha, Bhoopesh Guptha, Geetha Mukherji

രുനൂറ്റാണ്ടോളം പ്രായമുളള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തെ രാഷ്ട്രീയ രംഗത്ത് നിർണായക പങ്കാണ് വഹിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം മുതൽ സമൂഹത്തിൽ നിലനില്ക്കുന്ന അസമത്വങ്ങൾക്കെതിരായ സമരങ്ങളിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്‍പന്തിയിൽ നിലകൊള്ളുകയും അത്തരം പ്രക്ഷോഭങ്ങൾക്ക് പുരോഗമനപരമായ ആശയരൂപം നല്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ കർഷക — യുവജന — വിദ്യാർത്ഥി ‑മഹിളാമുന്നേറ്റങ്ങൾ ശക്തമായി നടക്കുകയും സുപ്രധാന പുരോഗമന ശക്തിയായി മാറുകയും ചെയ്തു. അതിനൊപ്പംതന്നെ പാർലമെന്ററി രാഷ്ട്രീയത്തിലൂടെയുള്ള മികച്ച ഇടപെടലുകളും കമ്മ്യൂണിസ്റ്റുകാരുടെ ഭാഗത്തുനിന്നുണ്ടായി. ഭൂപേശ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ഗീതാമുഖർജി തുടങ്ങിയവർ അത്തരം ഇടപെടലുകൾ നടത്തിയവരിൽ ചിലരായിരുന്നു. ഇപ്പറഞ്ഞ നൂറോ അതിൽ കൂടുതലോ വർഷങ്ങളായി ഇന്ത്യൻസമൂഹം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഭാവി പ്രവർത്തന പദ്ധതി നമുക്കു ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടുവെങ്കിലും ദാരിദ്ര്യവും കടുത്ത അസമത്വവും ദുരന്തമായി തുടരുകയാണ്. കഴിഞ്ഞ കുറേവർഷങ്ങളായി സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയും ദാരിദ്ര്യം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന — വികസന സൂചികകളിലും നമ്മുടെ രാജ്യം വൻതകർച്ച നേരിടുകയുമാണ്. സമൂഹത്തിന്റെ ഏറ്റവും മുകൾ തട്ടിലുള്ള ചെറിയൊരു വിഭാഗത്തിന്റെ കയ്യിൽ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയും ആശങ്കപ്പെടുത്തുന്ന വിധത്തിൽ വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയംതന്നെ ദശലക്ഷക്കണക്കിന് സാധാരണക്കാർ ദാരിദ്ര്യവും പട്ടിണിയും അഭിമുഖീകരിക്കുന്നു.

 

 

കോവിഡ്19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളാകട്ടെ, വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട വളർച്ചയുടെ അസമത്വത്തെ കൂടുതൽതുറന്നുകാട്ടുകയും ചെയ്തു. കോടിക്കണക്കിന് കുടിയേറ്റത്തൊഴിലാളികൾ ദുരിതത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി കിലോമീറ്ററുകളോളം നടന്ന് നാടണഞ്ഞതിന്റെ ദുരിതക്കാഴ്ചകൾ രാജ്യമാകെയുണ്ടായി. അതേസമയംതന്നെ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഫലമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കുറച്ച് മുതലാളിമാർക്ക് വാരിക്കോരി നല്കിക്കൊണ്ടിരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ജനങ്ങളെ നിരാശ്രയത്വത്തിൽ നിന്ന് കരകയറ്റുന്നതിനായി സമ്പത്തിന്റെ സമമായ വിതരണം ഉറപ്പുവരുത്തുക, പൊതുജനാരോഗ്യരംഗം, അടിസ്ഥാന വിദ്യാഭ്യാസസൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾക്കുമായി അധികാരത്തിലിരിക്കുന്നവരെ നിർബന്ധിക്കുക, വിഭവങ്ങളുടെ നീതിപൂർവകമായ ഉപയോഗം പ്രാപ്തമാക്കുക എന്നിവ ആയിരിക്കണം നമ്മുടെ പോരാട്ടങ്ങളുടെ മുഖ്യപരിഗണനാ വിഷയമാകേണ്ടത്.

 


ഇതുകൂടി വായിക്കൂ: കോവിഡിന്റെ രണ്ടാം തരംഗത്തിലും കേന്ദ്രം രാഷ്ട്രീയപിരിമുറുക്കം സൃഷ്ടിക്കുന്നു


 

ബിജെപി-ആർഎസ്എസ് നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിലാകട്ടെ മത ‑ജാതി അടിസ്ഥാനത്തിലുള്ള വിഭാഗീയചിന്തകൾ തഴച്ചുവളരുകയും രാജ്യത്തിന്റെ സൗഹാർദ്ദാന്തരീക്ഷത്തിന് വൻ ആഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ തുടരുകയും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഡോ. ബി ആർ അംബേദ്കർ മുന്നോട്ടുവച്ച ജാതി വ്യവസ്ഥയുടെ ഉന്മൂലനമെന്ന ആശയത്തോട് അവജ്ഞയുള്ള മനുവാദി ആർഎസ്എസുകാർ, ബ്രാഹ്മണ്യ ആശയത്തിന്റെയും ജാതിവിവേചനത്തിന്റെയും പ്രയോക്താക്കളായി തുടരുന്നു. തികച്ചും ഉയർന്ന ജാതിയിലുള്ള നേതൃത്വത്തിന്റെയും ആർഎസ്എസ് മനോഭാവത്തിന്റെയും കീഴിൽ ദളിതർക്കും ആദിവാസികൾക്കുമെതിരായ അതിക്രമങ്ങൾ എത്രയോ മടങ്ങ് വർധിച്ചു. ഡോ. അംബേദ്കറുടെ ഉത്പതിഷ്ണാശയങ്ങൾ നടപ്പിലാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കാട്ടുന്ന നിഷ്ക്രിയത്വം കാരണം ഇപ്പോഴും ജാതിവ്യവസ്ഥ ഒരു പ്രധാന വിഷയമായി തുടരുന്നു. ഈ സാഹചര്യത്തിൽ എല്ലാ വിഷയങ്ങളും സമഗ്രമായി കൈകാര്യം ചെയ്യുന്നതിന് നടത്തുന്ന പോരാട്ടത്തിൽ ജാതിവിരുദ്ധ ശക്തികളെയും ഇടതുപക്ഷം കൂട്ടി യോജിപ്പിക്കണം.

 


ഇതുകൂടി വായിക്കൂ: നിരാഹാരം ഇരുന്ന് വിശപ്പറിയേണ്ടി വന്നില്ല, ജീവിതത്തിലുടനീളം പട്ടിണിയായിരുന്നു : ഡി രാജ


 

ജാതിവ്യവസ്ഥ സൃഷ്ടിച്ച വൈകല്യങ്ങൾ രാജ്യത്തിന്റെ വികസനത്തിന് ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഗുരുതരവും ഹിന്ദു വിഭാഗത്തിൽപ്പെട്ട അധഃസ്ഥിത വിഭാഗങ്ങളോടുള്ള സമീപനം ലജ്ജാകരവുമാണ്. അതേസമയംതന്നെ ഹിന്ദു ഐക്യം പറഞ്ഞ് ഇതേ സമുദായങ്ങളെയാണ് വലതു തീവ്ര സംഘടനകൾ വളക്കൂറുള്ള ഇടങ്ങളായികാണുന്നതെന്ന വിരോധാഭാസവുമുണ്ട്. ഈ നിലപാടുകളുടെ പൊള്ളത്തരവും ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ ബ്രാഹ്മണ്യാധിഷ്ഠിത രാഷ്ട്രീയവും നാം തുറന്നുകാട്ടേണ്ടതുണ്ട്. അതുപോലെതന്നെ മനുവാദി അജണ്ടയ്ക്കു കീഴിൽ പുരുഷാധിപത്യവ്യവസ്ഥ ശക്തിപ്പെടുകയും സ്ത്രീകളെ അബലകളെന്ന് മുദ്രകുത്തുകയും ചെയ്യുന്നു. രാജ്യത്തിന്റെ സമഗ്ര വികസനത്തെ ബാധിക്കുന്ന വിധത്തിൽ സമൂഹ്യപ്രവർത്തനങ്ങളിലും തൊഴിൽ പങ്കാളിത്തത്തിലും അവരെ തടയുന്നു. ഇതെല്ലാംകൊണ്ട് ലിംഗ സമത്വം നമ്മുടെ അജണ്ടയായി മാറ്റുകയും നേതൃത്വത്തിലും പ്രക്ഷോഭങ്ങളിലും കൂടുതൽ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം. ലിംഗനീതിക്കും സ്ത്രീ ശാക്തീകരണത്തിനുംവേണ്ടി ഗീതാമുഖർജിയെ പോലുള്ളവർ നടത്തിയ പോരാട്ടത്തിന്റെ പതാക നാം ഉയർത്തിപ്പിടിക്കണം.

 


ഇതുകൂടി വായിക്കൂ: ഐക്യ കേരളപ്പിറവിയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും


 

ചുരുക്കത്തിൽ രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ എല്ലാ പ്രശ്നങ്ങളും ആർഎസ്എസ്- ബിജെപി ഭരണത്തിൽ കൂടുതൽ വഷളായിരിക്കുകയാണ്. അത് ദാരിദ്ര്യമാകട്ടെ, അസമത്വമാകട്ടെ, ജാതി വിവേചനമാകട്ടെ, വർഗീയവല്ക്കരണമാകട്ടെ, ലിംഗ വൈജാത്യങ്ങളാകട്ടെ ആർഎസ്എസും ബിജെപിയും എതിരാളികളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും അവരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ആർഎസ്എസിന്റെ വിദ്വേഷപരമായ ആശയത്തിന്റെ സ്വാധീനത്തിൽ നിന്ന് സമൂഹത്തെ ശുദ്ധീകരിക്കുവാനും വിവേചനപൂർണമായ ഭരണത്തെ പിഴുതെറിയുവാനും എല്ലാ പുരോഗമന — ജനാധിപത്യ — മതേതര വിഭാഗങ്ങളെയും യോജിപ്പിച്ചുള്ളതായിരിക്കണം നമ്മുടെ പോരാ‍ട്ടങ്ങൾ. ആ പങ്ക് ഏറ്റെടുക്കുവാൻ സജ്ജരായിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്, അത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തവുമാണ്.

Exit mobile version