Site iconSite icon Janayugom Online

51 എംപിമാര്‍ക്കെതിരെ ഇഡി കേസ്; സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സിറ്റിങ് എംപിമാരും മുന്‍ പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ 51 പേര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
വിവിധ സംസ്ഥാനങ്ങളിലായി 71 എംഎല്‍എമാരും ഇഡി അന്വേഷണം നേരിടുന്നതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിബിഐ, ഇഡി ഏജന്‍സികളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായി ആരോപണം ഉയരുന്നതിന്റെ ഇടയിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്

ജനപ്രതിനിധികള്‍ക്കെതിരായ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്ത വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയെ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നത്. ബിജെപി നേതാവ് കൂടിയായ ഹര്‍ജിക്കാരന്‍ അശ്വിനി കുമാര്‍ ഉപാധ്യായ ജനപ്രതിനിധികള്‍ക്ക് ആറുവര്‍ഷത്തെ അയോഗ്യത കല്പിക്കുന്നത് മതിയായ ശിക്ഷയല്ലെന്നും വാദിക്കുന്നു. കേസ് ഇന്ന് കോടതി പരിഗണിക്കും. 

സിബിഐയുടെ കണക്കുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംപിമാരും എഎല്‍എമാരുമായ 121 പേര്‍ക്കെതിരെ സിബിഐ കേസുകള്‍ നിലവിലുണ്ട്. ഇവരില്‍ 51 എംപിമാരില്‍ 14 പേര്‍ സിറ്റിങ് അംഗങ്ങളാണ്. 112 എംഎല്‍എമാര്‍ക്കെതിരെയാണ് സിബിഐ കേസുകള്‍ എടുത്തിട്ടുള്ളത്. ഇവരില്‍ 34 പേരാണ് നിലവിലെ എംഎല്‍എമാര്‍. 78 പേര്‍ മുന്‍ എംഎല്‍എമാരാണ്. ഒമ്പത് പേര്‍ മരിച്ചുപോയതായും സിബിഐയുടെ കണക്കുകളിലുണ്ട്. 37 കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. 

സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചതോടെ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കേസെടുക്കാനുള്ള പൊതു അനുമതി നിഷേധിച്ചിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങി പലപ്പോഴും കേസ് രജിസ്റ്റര്‍ ചെയ്യുന്നതല്ലാതെ കേന്ദ്ര ഏജന്‍സികളുടെ എഫ്ഐആറുകളില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇഡി കേസുകളില്‍ പലതും അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ളവയാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. 

Eng­lish Summary:ED case against 51 MPs; Ami­cus Curi­ae Report to the Supreme Court
You may also like this video

Exit mobile version