അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2007മുതൽ 2017 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ച് വരുത്തി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻപ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ൽ കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ഇഡി ചോദ്യം ചെയ്തത്. മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കെ ബാബുവിനെതിരായ പ്രധാന ആരോപണം. കേസന്വേഷണത്തിന്റെ ഭാഗമാണ് നടപടിയെന്ന് ഇഡി വ്യക്തമാക്കി.
English Summary: ED confiscated K Babu’s property
You may also like this video