Site iconSite icon Janayugom Online

ഇഡി അതിരുവിടുന്നു

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. എല്ലാ പരിധികളും ഇഡി ലംഘിച്ചിരിക്കുകയാണെന്നും ഫെഡറല്‍ സംവിധാനത്തെ പൂര്‍ണമായും ഹനിക്കുന്ന നടപടികളാണ് നടത്തുന്നതെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് കുറ്റപ്പെടുത്തി. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനെതിരെ (ടാസ്‌മാക്) ഇഡി നടത്തുന്ന അന്വേഷണവും റെയ്ഡും കോടതി സ്റ്റേ ചെയ്തു. 

ടാസ്‌മാക് മദ്യ അഴിമതി അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി ഇഡിക്ക് അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളാണ് സുപ്രീം കോടതി വിലക്കിയത്.

ഭരണഘടനയെയും ഫെഡറല്‍ സംവിധാനങ്ങളെയും മറികടന്ന് എല്ലാ പരിധികളും ലംഘിച്ചാണ് ടാസ്‌മാക് കേസിലെ അന്വേഷണം. സര്‍ക്കാര്‍ സംവിധാനത്തിനെതിരെയാണ് ഇഡി അന്വേഷണവും റെയ്ഡും നടത്തുന്നത്. വ്യക്തികള്‍ക്കെതിരെ കുറ്റം ചുമത്താം. എന്നാല്‍ ഒരു കോര്‍പറേഷനെതിരെ ഇത്തരത്തില്‍ കുറ്റം ചുമത്തുന്നത് എങ്ങനെയാണെ‘ന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചോദിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹും ബെഞ്ചില്‍ അംഗമായിരുന്നു. 

2014–21 കാലഘട്ടത്തില്‍ നടന്ന ടാസ്‌മാക് അഴിമതി കേസില്‍ മദ്യ ചില്ലറ വില്പനശാലാ നടത്തിപ്പുകാര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ 41 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 2025ലാണ് കേസില്‍ ഇഡി ഇടപെടല്‍ ഉണ്ടാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ടാസ്‌മാക് ആസ്ഥാനം ഇഡി റെയ്ഡ് ചെയ്യുകയും കോര്‍പറേഷന്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. അവ ക്ലോണ്‍ ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചതായും തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു.

തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോര്‍പറേഷനെതിരെയല്ല. ചില ചില്ലറ മദ്യ വില്പന ശാലകളില്‍ പരമാവധി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നേരിട്ട് പണം വാങ്ങി മദ്യം വില്പന നടത്തിയതാണ് അഴിമതിക്ക് ഇടയാക്കിയത്. കോര്‍പറേഷന്‍ മദ്യവില്പനശാലകള്‍ക്ക് അനുമതി നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തില്‍ കോര്‍പറേഷനെ എങ്ങനെ പ്രതിസ്ഥാനത്താക്കാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് വിശദീകരണം തേടി. തുടര്‍ന്നായിരുന്നു ഇഡി എല്ലാ പരിധികളും ലംഘിച്ചെന്ന നിരീക്ഷണം ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടായത്. 

ടാസ്‌മാകിലെ ഉദ്യോഗസ്ഥരുടെ ഫോണുകളും മറ്റും പിടിച്ചെടുത്ത് അവ ക്ലോണ്‍ ചെയ്യുകവഴി അവരുടെ സ്വകാര്യത ഹനിച്ചെന്ന് ടാസ്‌മാകിനുവേണ്ടി ഹാജരായ മുകുള്‍ റോത്തഗി കോടതിയെ ബോധിപ്പിച്ചു. ഇത്തരത്തില്‍ ഇഡി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാനാകില്ലെന്ന് ബെഞ്ച് ഇതിന് മറുപടി നല്‍കി.

ആയിരം കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന വാദമുഖം എസ് വി രാജു ഉയര്‍ത്തിയെങ്കിലും അതിനോട് യോജിക്കാന്‍ ബെഞ്ച് തയ്യാറായില്ല. സംസ്ഥാനം കേസില്‍ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. അനാവശ്യമായി വിഷയത്തില്‍ എന്തിനാണ് ഇഡി ഇടപെടുന്നത്. എവിടെയാണ് ഇഡി ആരോപിക്കുന്ന കുറ്റമെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയക്കാന്‍ ബെഞ്ച് ഉത്തരവായി. അതുവരെ കേസില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഉത്തരവിട്ടു.

Exit mobile version