Site iconSite icon Janayugom Online

മുംബൈയിലെ ഇഡി ഓഫിസ് കെട്ടിടത്തിന് തീപിടിച്ചു

മുംബൈയിലെ തിരക്കേറിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസില്‍ വന്‍ തീപിടിത്തം. ഇന്നലെ പുലര്‍ച്ചെ 2.30നാണ് തീപിടിത്തമുണ്ടായത്. മരണമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അധികാരികള്‍ അന്വേഷണം തുടങ്ങി.
ദക്ഷിണ മുംബൈയിലെ ബല്ലാര്‍ഡ് പ്രദേശത്തുള്ള ഇഡി ഓഫിസിലാണ് തീപിടിത്തം. കുരിംഭോയ് റോഡിലെ ഗ്രാന്‍ഡ് ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന ബഹുനില മന്ദിരമായ കൈസര്‍-ഐ‑ഹിന്ദ് കെട്ടിടം അഗ്നിക്കിരയായി. അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. അഞ്ചു നിലക്കെട്ടിടത്തിന്റെ നാലു നിലകളിലും വ്യാപിച്ചു. ആറ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. 

എട്ട് ഫയര്‍ എന്‍ജിനുകള്‍, ആറ് ജംബോ ടാങ്കറുകള്‍, ഒരു ഏരിയല്‍ വാട്ടര്‍ ടവര്‍ ടെന്‍ഡര്‍, റെസ്‌ക്യു വാന്‍, ക്വിക്ക് റെസ്പോണ്‍സ് വാഹനം, ആംബുലന്‍സ് എന്നിവ സ്ഥലത്ത് വിന്യസിക്കേണ്ടി വന്നതായി അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വാണിജ്യതലസ്ഥാനമായ മുംബൈയിലെ പ്രധാനപ്പെട്ട ഇഡി ഓഫിസായതിനാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സുപ്രധാനമായ രേഖകള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം. 

Exit mobile version