ബിജെപിയുടെ യഥാർത്ഥ ലക്ഷ്യം തന്റെ പിതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ആണെന്ന് കെ കവിത. ഡൽഹി മദ്യ അഴിമതിക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. മനീഷ് സിസോദിയക്ക് താൻ 100 കോടി നൽകിയെന്ന് ചില ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ താൻ മനീഷ് സിസോദിയയെ ജീവിതത്തില്‍ ആകസ്മികമായി പോലും നേരിട്ട് കണ്ടുമുട്ടിയിട്ടില്ല. ഇഡി സമന്‍സ് അയച്ചതിനു ശേഷം ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കവിത ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഇതുവരെ യാതരു തെറ്റും ചെയ്തിട്ടില്ല. ഡൽഹി മദ്യനയം കേസുമായോ അവർ (ബിജെപി) ഉന്നയിക്കുന്ന ആരോപണങ്ങളുമായോ തനിക്ക് ഒരു ബന്ധവുമില്ല. ഇത് ബിജെപിയുടെ വഴിതിരിച്ചുവിടൽ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. അവർ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നു. ഓരോരുത്തരെയും ഇഡി ഓഫീസിലേക്ക് വിളിപ്പിക്കും. തുടർന്ന് മാധ്യമങ്ങൾ മുഴുവൻ ആ ദിവസത്തേക്ക് അവർക്ക് ചുറ്റും കൂടും. അപ്പോൾ ആരും വിലക്കയറ്റത്തെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചോ സംസാരിക്കില്ല. കവിത പറഞ്ഞു.
ചോദ്യം ചെയ്യലുകള്‍ക്ക് ഇഡി മുമ്പ് ഇങ്ങനെ പരസ്യം ചെയ്തിട്ടുണ്ടോ? ഇപ്പോൾ ഇഡി ചെയ്യുന്നത്, കേസ് എടുക്കും മുമ്പ് മാധ്യമ വിചാരണയ്ക്ക് വിടുക എന്നതാണ്. ഇഡിക്ക് തെളിയിക്കാൻ ഒന്നുമില്ലാത്ത ഘട്ടത്തില്‍ അവർ പ്രത്യേകമായി ചില ആരോപണങ്ങള്‍ മാധ്യമങ്ങൾക്ക് കൈമാറും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആരംഭിച്ചതാണ് മദ്യനയവുമായി ബന്ധപ്പെട്ട തന്നെ ചുറ്റിപ്പറ്റിയുള്ള ചാനല്‍ പരമ്പര. 500 ലധികം റെയ്ഡുകൾ ഇഡി നടത്തി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല, ആരോപിക്കപ്പെട്ടതുപോലെ തെളിവുകൾ നശിപ്പിച്ചിട്ടുമില്ല. തന്റെ വീട്ടിൽ എല്ലാ ഫോണുകളും ഉണ്ട്. ഇഡിക്ക് അവർക്കാവശ്യമുള്ളതെല്ലാം സാങ്കേതികമായി കണ്ടെത്താൻ കഴിയും. ഇതുവരെ അവര്‍ ഒന്നും കണ്ടെത്തിയില്ല. പലരെയും അധിക്ഷേപിക്കുകയും ആളുകളെ മർദ്ദിക്കുകയും ബലമായി പേരുകൾ പറയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ കവിത പറഞ്ഞു.
ശനിയാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കവിത ഹാജരാകേണ്ടത്.
English Sammury: K Kavitha will appear before the Enforcement Directorate on March 11 in connection with a money laundering case