Site iconSite icon Janayugom Online

ചരിത്രത്തെ തിരുത്തുന്നത് കേരളത്തിലും സജീവം: ഡോ.പി ജെ വിൻസന്റ്

ചരിത്രത്തെ തിരുത്തുന്നതും മാറ്റിയെഴുതുന്നതും കേരളത്തിലും സജീവമാണെന്ന് ചരിത്രാധ്യാപകനും എഴുത്തുകാരനുമായ ഡോ.പി ജെ വിൻസന്റ് പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള ശാസ്ത്രപ്രഭാഷണ സായാഹ്നത്തിലെ 13-ാം ദിവസം ’ ഇന്ത്യൻ ചരിത്രത്തിന്റെ നിരാസവും പുനർനിർമ്മാണവും’ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തലശ്ശേരിയിലെ ഒരു ക്ഷേത്രത്തെ കേരളത്തിലെ തന്നെ തിരക്കേറിയ തീർത്ഥാടന കേന്ദ്രമാക്കാൻ ഒരു പണ്ഡിതനായ മുൻ ഡിജിപിയുടെ കെട്ടുകഥയ്ക്ക് കഴിഞ്ഞുവെന്ന് പി ജെ വിൻസന്റ് പറഞ്ഞു. ഇത്തരത്തിൽ മെനഞ്ഞെടുക്കുന്ന വൈകാരികതയുള്ള കഥകൾക്ക് സമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്ന അവസ്ഥയുണ്ട്. വളരെ എളുപ്പത്തിലാണ് ചരിത്ര നിർമ്മിതികൾ നടക്കുന്നത്.

ബ്രാഹ്മണിക് ഹിന്ദുയിസം മതപരിവർത്തനം നടത്തുന്നത് ദൈവങ്ങളെ പരിവർത്തനം നടത്തിക്കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. കൃസ്ത്യാനികളും മുസ്ലീങ്ങളും വ്യക്തികളെ പരിവർത്തിപ്പിക്കുമ്പോൾ ഒരു ജനതയുടെ ദൈവത്തെ അപ്പാടെ പരിവർത്തിപ്പിച്ച് ആ ജനതയെ മുഴുവൻ തങ്ങളോടൊപ്പമാക്കുന്ന ഗൂഢതന്ത്രമാണ് ബ്രാഹ്മണിക് ഹിന്ദുത്വ ശക്തികൾ ചെയ്യുന്നത്. ആദിവാസികളുടെ ദൈവങ്ങളെ സവർണ ദൈവങ്ങളാക്കിയാണിത് സാധിക്കുന്നത്. കുറിച്യർ, അടിയർ , മുള്ളുക്കുറുമർ, എന്നിവരുടെ തനത് ദൈവങ്ങളെ ഇവർ ശിവനും പാർവ്വതിയും ആക്കി മാറ്റുന്നു.

ഇന്ത്യയിൽ ചരിത്രത്തെ ജനകീയവൽകൃത ചരിത്രമാക്കി(Popularised History)മാറ്റുന്നു. ഹിന്ദുത്വ ശക്തികൾ ഭരണകൂടത്തിന് വേണ്ടി പ്രത്യയശാസ്ത്രമായി ചരിത്രത്തെ അപനിർമ്മിക്കുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾഭരണവും ഗാന്ധിവധവും ഹിന്ദു മുസ്ലീം മൈത്രി ഉൾപ്പെടെയുള്ള ഗാന്ധിയൻ ആദർശങ്ങളും എടുത്തു മാറ്റുന്നു. ബ്രാഹ്മണിക ആധിപത്യത്തിനെതിരെ യുദ്ധം ചെയ്ത ശിവജിയുടെ യഥാർത്ഥ ചരിത്രം വിളിച്ചു പറഞ്ഞ ഗോവിന്ദ് പൻസാരയെ വെടിവെച്ചു കൊല്ലുന്നു. യുക്തിപരതയേക്കാൾ വൈകാരികതയ്ക്കും അവാസ്തവമായ മിത്തുകൾക്കും കഥകൾക്കും പ്രാധാന്യം നൽകുന്ന ചരിത്രം കൃത്രിമമായി നിർമ്മിക്കുന്നു എന്ന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. പ്രൊഫ. ഇ. രാജൻ മോഡറേറ്ററായിരുന്നു. ടി. സത്യനാരായണൻ , എ.പ്രേമകുമാരി എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry; Edit­ing of his­to­ry is also active in Ker­ala: Dr. PJ Vincent

You may also like this video;

Exit mobile version