വിദ്യാഭ്യാസം സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കുന്നതിന്റെ കാരണം തേടിയുള്ള വിവാദ ചോദ്യവുമായി മഹാരാഷ്ട്ര പിഎസ്‌സി. മഹാരാഷ്ട്ര പിഎസ്‌സി ഡിസംബര്‍ ഒന്നിന് നടത്തിയ പ്രാഥമിക പരീക്ഷ ചോദ്യപേപ്പറിലെ രണ്ട് ചോദ്യങ്ങള്‍ ആണ് വിവാദമായത് . ’സ്ത്രീകളുടെ വിദ്യാഭ്യാസം പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കുന്നു. കാരണം…സാധ്യമായ നാല് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുക- എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് താഴെ നാല് ഓപ്ഷനും നല്‍കിയിരുന്നു.
വിദ്യാഭ്യാസം സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ തങ്ങളുടെ മക്കളും വിദ്യാസമ്പന്നരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു, വിദ്യാഭ്യാസവും സാക്ഷരതയും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെപ്പറ്റി സ്ത്രീകളില്‍ അവബോധമുണ്ടാക്കുന്നു, സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്നിവയാണ് ചോദ്യത്തിന് നല്‍കിയ നാല് ഓപ്ഷനുകൾ . എന്നാല്‍ ചോദ്യത്തില്‍ പിഴവുണ്ടെന്നും സ്ത്രീകളുടെ പ്രത്യുല്‍പ്പാദന നിരക്കുമായി വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്താനാകില്ലെന്നും വേണമെങ്കില്‍ ജനനനിരക്കുമായി ബന്ധപ്പെടുത്താവുന്നതാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
പ്രാഥമിക പരീക്ഷയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ചോദ്യവും വിവാദമായിരുന്നു. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചാലും മദ്യപാനം എങ്ങനെ ഒഴിവാക്കാം എന്നായിരുന്നു വിവാദമായ രണ്ടാമത്തെ ചോദ്യം. ഈ ചോദ്യത്തിനും നാല് ഓപ്ഷന്‍ നല്‍കിയിരുന്നു. മദ്യം കഴിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയിട്ടുണ്ടെന്ന് സുഹൃത്തുക്കളോട് പറയും, ഞാന്‍ മദ്യം കഴിക്കാന്‍ വിസമ്മതിക്കും, സുഹൃത്തുക്കള്‍ കഴിക്കുന്നതുകൊണ്ട് മാത്രം ഞാന്‍ മദ്യം കഴിക്കും, കരള്‍ രോഗമുണ്ടെന്ന് കള്ളം പറഞ്ഞ് മദ്യപിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കും എന്നീ ഓപ്ഷനുകളാണ് ഈ ചോദ്യത്തിന് നല്‍കിയത്.