Site iconSite icon Janayugom Online

ആദിവാസി, ന്യൂനപക്ഷ കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായം വെട്ടിക്കുറച്ചു

ആദിവാസി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന പദ്ധതികള്‍ക്കുള്ള ധനസഹായം വെട്ടിച്ചുരുക്കി കേന്ദ്രസര്‍ക്കാരിന്റെ ക്രൂരത. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള നാഷണല്‍ ഫെലോഷിപ്പ് ആന്റ് സ്കോളര്‍ഷിപ്പ് പദ്ധതി വിഹിതത്തിന്റെ 99.99 ശതമാനമാണ് ബജറ്റില്‍ വെട്ടിക്കുറച്ചത്. 2024ലെ റിവൈസ്ഡ് എസ്റ്റിമേറ്റായ 240 കോടിയില്‍ നിന്ന് 0.02 കോടിയായാണ് കുറച്ചത്. 

വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് വെട്ടിക്കുറയ്ക്കലെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗജന്യ പരിശീലനവും ഹോസ്റ്റല്‍ സംവിധാനവും ഉറപ്പാക്കാനുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. നാഷണല്‍ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതി വിഹിതത്തിലും 99.8 ശതമാനത്തിന്റെ വെട്ടിക്കുറയ്ക്കലാണ് നടത്തിയിരിക്കുന്നത്. റീഎസ്റ്റിമേറ്റ് പ്രകാരം ആറ് കോടിയായിരുന്നു 2024ല്‍ ചെലവ് കണക്കാക്കിയിരുന്നത്. ഇത് 0.01 കോടിയായാണ് ചുരുക്കിയത്. 

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോരിറ്റീസിന് റീ എസ്റ്റിമേറ്റില്‍ 326.16 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതുക്കിയ ബജറ്റില്‍ ഇത് കേവലം 90 കോടി രൂപയാണ്. 72.4 ശതമാനത്തിന്റെ ഇടിവ്. പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഫോര്‍ മൈനോരിറ്റീസ് വിഹിതത്തില്‍ 69.9 ശതമാനത്തിന്റെ വെട്ടിച്ചുരുക്കലും നടത്തി. 2024ല്‍ 1145.38 കോടിയായിരുന്നത് 343.91 കോടിയായാണ് ചുരുക്കിയത്. പ്രൊഫഷണല്‍ ആന്റ് ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് വേണ്ടിയുള്ള മെട്രിക് കം മീന്‍സ് സ്കോളര്‍ഷിപ്പില്‍ 42.6 ശതമാനത്തിന്റെ ഇടിവാണ് വരുത്തിയത്. 

33.80 കോടിയില്‍ നിന്ന് 19.41 കോടി രൂപയാക്കി. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് (4.9 ശതമാനം), ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള ഫ്രീ കോച്ചിങ് ആന്റ് അലൈഡ് പദ്ധതി (65 ശതമാനം), വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നതിനുള്ള വിദ്യാഭ്യാസ ലോണില്‍ സബ്സിഡി (46 ശതമാനം), മദ്രസകളുടെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും വിദ്യാഭ്യാസ പദ്ധതിയില്‍ (99.5 ശതമാനം) വീതം വെട്ടിച്ചുരുക്കലുകളാണ് നടത്തിയിരിക്കുന്നത്. 

Exit mobile version