Site iconSite icon Janayugom Online

ഗുണനിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യാഭ്യാസം നിരര്‍ത്ഥകം: സുപ്രീം കോടതി

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസത്തിന് ഗുണ നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ നിരര്‍ത്ഥകമെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കാന്‍ യോഗ്യതയുള്ള അധ്യാപകരെ നിയോഗിക്കണമെന്നും ബഞ്ച് നിരീക്ഷിച്ചു.
പ്രൈമറി സ്‌കൂള്‍ അധ്യാപകരായി ബി എഡ് ബിരുദധാരികളെ നിയോഗിക്കാനുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ 2018 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവു ശരിവച്ച സുപ്രീം കോടതി എന്‍സിടിഇ വിജ്ഞാപനം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധുലിയ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ച് ഉത്തരവു പുറപ്പെടുവിച്ചത്.
അടിസ്ഥാന വിദ്യാഭ്യാസം ഭരണഘടനയുടെ 21 എ അനുഛേദ പ്രകാരം മൗലികമാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടത് ഇതിന്റെ ഭാഗവും. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കാന്‍ നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ബിഎഡ് ബിരുദം യോഗ്യതയായി കണക്കാക്കാനാകില്ല. അവര്‍ ബാച്ചിലര്‍ ഓഫ് ഇലമെന്ററി എജ്യൂക്കേഷന്‍ ബിരുദം നേടേണ്ടത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ അനിവാര്യമാണ്. അതിനാല്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് സുപ്രീം കോടതിയും ഉത്തരവു പുറപ്പെടുവിച്ചു.
ബിഎഡ് ബിരുദധാരികള്‍ക്ക് സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിപ്പിക്കാനുള്ള പരിശീലനമാണ് ലഭിക്കുന്നത്. അവര്‍ക്ക് പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ അഭ്യസിപ്പിക്കാന്‍ പാകത്തിനുള്ള പാഠ്യക്രമമല്ല ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ നയ തീരുമാനങ്ങള്‍ തര്‍ക്കപരവും യുക്തി രഹിതവുമെങ്കില്‍ പുനപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Eng­lish sum­ma­ry; Edu­ca­tion is use­less if qual­i­ty can­not be main­tained: Supreme Court

you may also like this video;

Exit mobile version