Site iconSite icon Janayugom Online

വയോധികയുടെ കൊലപാതകം:ഒന്നാം പ്രതി സൈനുലാബ്ദീനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി

തോട്ടപ്പള്ളി ഒറ്റപ്പനയിൽ റംലത്ത് എന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിലെ ഒന്നാം പ്രതി സൈനുലാബ്ദീനെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇയാളുടെ ഭാര്യയും രണ്ടാം പ്രതിയുമായ അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ പിന്നീട് അട്ടക്കുളങ്ങര സബ് ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനീഷയെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ് ചെയ്തത്.

അതിനിടെ കേസിൽ ആദ്യം ഒന്നാം പ്രതിയാക്കപ്പെട്ട അബൂബക്കറിന് ഉപാധികളോടെ കോടതി ജാമ്യമനുവദിച്ചു. അന്വേഷണത്തെ സ്വാധീനിക്കരുതെന്നും എപ്പോൾ വിളിച്ചാലും എത്തണമെന്നുമുള്ള ഉപാധികളോടെയാണ് അബൂബക്കറിന് ജാമ്യമനുവദിച്ചത്. റംലത്തിനെ കൊലപ്പെടുത്തിയ കേസിൽ സൈനുലാബ്ദീനും അനീഷയും അറസ്റ്റിലായതോടെയാണ് അബൂബക്കറിനെ കൊലക്കുറ്റത്തിൽ നിന്നൊഴിവാക്കിയത്.കേസിൽ ശിക്ഷിക്കപ്പെട്ട് സബ് ജയിലിൽ കഴിഞ്ഞിരുന്ന അബൂബക്കർ കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നൽകിയിരുന്നു. ആവശ്യമെങ്കിൽ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാനും പോലീസ് ആലോചനയുണ്ട്.

Exit mobile version