തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ്‌ഗോപി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് എ എസ് ബിനോയ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
വോട്ടർന്മാർക്ക് സുരേഷ്‌ഗോപി വിവിധ ഓഫറുകൾ നൽകിയതായും മതചിഹ്നങ്ങൾ ഉപയോഗിച്ചതായും ഹർജിയിൽ പറയുന്നു . കൂടാതെ കോളനികൾ കേന്ദ്രികരിച്ച് ബിജെപി പ്രവർത്തകർ വോട്ടിനായി പണവും നൽകി. ഇതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജി. സുരേഷ്‌ഗോപി മൂന്ന് ആഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി നോട്ടീസിൽ പറയുന്നു .