Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട്: ബിജെപിക്കായി അഡാനിയും പണമൊഴുക്കി

രാജ്യത്തെ പ്രധാന കോര്‍പറേറ്റ് ഗ്രൂപ്പുകളിലൊന്നായ അഡാനി ഗ്രൂപ്പ് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ബിജെപിക്ക് പണമൊഴുക്കിയതിന്റെ വിവരങ്ങള്‍ ഒടുവില്‍ പുറത്ത്. ആദ്യം പുറത്തുവന്ന രേഖകളിലൊന്നും അഡാനിയുടെയും റിലയന്‍സിന്റെയും നേരിട്ടുള്ള സംഭാവനകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ സവിശേഷ നമ്പര്‍ ഉള്‍പ്പെടെ സമഗ്രമായ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരു കമ്പനികളും ബിജെപിക്കായി പണമൊഴുക്കിയെന്ന് വ്യക്തമായി.
അഡാനി ഗ്രൂപ്പുമായി ബന്ധമുള്ള നാല് കമ്പനികള്‍ വാങ്ങിയത് 55.4 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. എബിസി ഇന്ത്യ ലിമിറ്റഡും വെല്‍സ്പണ്‍ ഗ്രൂപ്പിനു കീഴിലെ മൂന്ന് സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മൂന്ന് സ്ഥാപനങ്ങള്‍ 55 കോടി രൂപയുടെ ബോണ്ടാണ് വാങ്ങിയത്. ബി കെ ഗോയങ്ക ആരംഭിച്ച മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വെല്‍സ്പണ്‍ ഗ്രൂപ്പ്. ഇതില്‍ 42 കോടി ബിജെപി പണമാക്കി മാറ്റിയതായും തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖകള്‍ വ്യക്തമാക്കുന്നു. വെല്‍സ്പണ്‍ ഗ്രൂപ്പിനു കീഴിലെ ഒരു സ്ഥാപനം രണ്ട് തവണകളിലായി 13 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2019 ഏപ്രിലില്‍ മൂന്ന് കോടിയുടെയും 2022 നവംബറില്‍ 10 കോടിയുടെയും ബോണ്ടുകള്‍ സ്ഥാപനം വാങ്ങി. 2005ല്‍ വെല്‍സ്പണ്‍ ഗ്രൂപ്പ് അഡാനിയുമായി ചേര്‍ന്ന് അഡാനി വെല്‍സ്പണ്‍ എക്സ്പ്ലൊറേഷൻ ലിമിറ്റഡ് എന്ന പേരില്‍ വ്യവസായം ആരംഭിച്ചു. ഇതില്‍ 65 ശതമാനം ഓഹരിയും അഡാനി ഗ്രൂപ്പിന്റെ കൈവശമാണ്. ഗൗതം അഡാനി ചെയര്‍മാനും മകൻ രാജേഷ് അഡാനി മാനേജിങ് ഡയറക്ടറുമായ അഡാനി എന്റര്‍പ്രൈസസ് വഴിയാണ് അഡാനി ഗ്രൂപ്പ് ഓഹരി വാങ്ങിയിരിക്കുന്നത്. വെല്‍സ്പണ്‍ നാചുറല്‍ റിസോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് വെല്‍സ്പണ്‍ ഗ്രൂപ്പ് അഡാനി വെല്‍സ്പണ്‍ എക്സ്പ്ലൊറേഷൻ ലിമിറ്റഡിന്റെ ഓഹരി കൈവശം വച്ചിരിക്കുന്നത്. 

വെല്‍സ്പണ്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ സ്ഥാപനമായ വെല്‍സ്പണ്‍ കോര്‍പറേഷൻ ലിമിറ്റഡ് 27 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2019 മേയില്‍ അഞ്ചു കോടിയുടെയും 2020 ജനുവരി, ഒക്ടോബര്‍ മാസങ്ങളില്‍ യഥാക്രമം രണ്ട് കോടി, ഏഴ് കോടി എന്നിങ്ങനെയും ബോണ്ട് വാങ്ങി. 2022 ഏപ്രിലില്‍ മൂന്ന് കോടിയുടെയും അതേ വര്‍ഷം നവംബറില്‍ 10 കോടിയുടെയും ബോണ്ടുകള്‍ കമ്പനി വാങ്ങിയിട്ടുണ്ട്.
മൂന്നാമത്തെ സ്ഥാപനമായ വെല്‍സ്പണ്‍ ലിവിങ് ലിമിറ്റഡ് (ആദ്യം വെല്‍സ്പണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു) 2022 നവംബറില്‍ 10 കോടിയുടെയും 2023 നവംബറില്‍ അഞ്ചു കോടിയുടെയും ബോണ്ട് ഉള്‍പ്പെടെ 15 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്.
2022 നവംബറില്‍ വെല്‍സ്പണ്‍ 30 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. പശ്ചിമബംഗാള്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് തെര‌ഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഇത്. 2019 ലോക്‌‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എട്ട് കോടിയുടെയും 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് കോടിയുടെയും ബോണ്ടുകള്‍ വാങ്ങി. 2020 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏഴ് കോടിയുടെയും 2023ല്‍ നടന്ന ഛത്തീസ്ഗഢ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം തെരഞ്ഞെടുപ്പുകളില്‍ അഞ്ചു കോടിയുടെയും ബോണ്ടുകള്‍ വാങ്ങിയതായാണ് രേഖ. 

തെരഞ്ഞെടുപ്പ് ഇല്ലാതിരുന്നപ്പോള്‍ 2022 ഏപ്രിലില്‍ മൂന്ന് കോടിയുടെ ബോണ്ടുകള്‍ കമ്പനി വാങ്ങി. 2019 തെരഞ്ഞെടുപ്പ് സമയത്ത് വെല്‍സ്പണ്‍ വാങ്ങിയ ബോണ്ടുകളില്‍ എട്ട് കോടിയുടെ ബോണ്ടുകള്‍ കോണ്‍ഗ്രസ് പണമാക്കി മാറ്റി. 2023 തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി അ‍ഞ്ചു കോടിയുടെ ബോണ്ട് ഭാരത് രാഷ്ട്ര സമിതി പണമാക്കി. 2020 ജനുവരിക്കും 22 നവംബറിനുമിടയില്‍ കമ്പനി വാങ്ങിയ 42 കോടിയുടെ ബോണ്ടുകളാണ് ബിജെപി പണമാക്കിയത്.
അഡാനി ഗ്രൂപ്പുമായി ബന്ധമുള്ള നാലാമത്തെ സ്ഥാപനമായ എബിസി ഇന്ത്യ ലിമിറ്റഡ് 2019ല്‍ വാങ്ങിയ 40 ലക്ഷം വിലയുള്ള ബോണ്ടുകളും ബിജെപിയാണ് പണമാക്കിയത്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഇന്ത്യ ലിമിറ്റഡിന്റെ 1.2 ശതമാനം ഓഹരി 2016 മാര്‍ച്ചിനും 2023 സെപ്റ്റംബറിനുമിടയില്‍ കൈവശം വച്ചിരുന്നത് അഡാനി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡാണെന്ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2023 ഡിസംബറില്‍ അഡാനി പ്രോപര്‍ട്ടീസ് ഇത് വിറ്റു. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കിയിട്ടില്ലെന്നുമാണ് അഡാനി ഗ്രൂപ്പിന്റെ വാദം. 

Eng­lish Summary:Electoral bond: Adani also infused mon­ey for BJP
You may also like this video

Exit mobile version