Site iconSite icon Janayugom Online

ആരിൽ നിന്നും ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടില്ല: സിപിഐ

സിപിഐ നാളിതുവരെ ആരില്‍ നിന്നും ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ചിട്ടില്ലെന്നും ബിജെപി സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നതു മുതല്‍ ശക്തമായി എതിര്‍ത്തുവരികയാണെന്നും കേന്ദ്ര സെക്രട്ടേറിയറ്റ്. ദുര്‍ഗ്രഹവും സുതാര്യമല്ലാത്തതുമായ ഇലക്ടറൽ ബോണ്ട് പദ്ധതിയെ എതിര്‍ക്കുന്നതുകാരണം ആരിൽ നിന്നും ഒരു ഇലക്ടറൽ ബോണ്ടും സ്വീകരിച്ചിട്ടില്ല. 2023 നവംബർ നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച വിഭാഗത്തെ ഇക്കാര്യം അറിയിച്ചിരുന്നു. 

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തുല്യത ലഭിക്കുന്നതും സുതാര്യവുമായ സര്‍ക്കാര്‍ ഫണ്ടിങ് തെരഞ്ഞെടുപ്പില്‍ വേണമെന്നാണ് സിപിഐ നിലപാട്. ഇന്ദ്രജിത് ഗുപ്ത സമിതിയുടെ ശുപാർശ പ്രകാരം തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന ഫണ്ടിങ് ഉൾപ്പെടെ സമഗ്ര തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Summary:Electoral bond not bought from any­one: CPI
You may also like this video

Exit mobile version