Site iconSite icon Janayugom Online

ഇലക്ടറൽ ബോണ്ട്: എസ്ബിഐയുടെ അപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍ 

ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ സമയം നീട്ടി നൽകണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതി നിർദേശം മനഃപൂർവം ലംഘിച്ചുവെന്ന് കാട്ടി എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരാണ് അംഗങ്ങള്‍.
സുപ്രീം കോടതി നിർദേശങ്ങൾ അനുസരിക്കാത്തതിനാല്‍ എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും സിപിഐ (എം)ഉം കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭാവന നല്‍കിയ തുകയും നല്‍കിയവരുടെ വിശദാംശങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൊതുജനങ്ങൾക്ക് മുമ്പിലെത്താതിരിക്കാനാണ് എസ്‌ബിഐ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജി ആരോപിക്കുന്നു.
ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയത്. 2019 ഏപ്രിൽ 12 മുതൽ നാളിതുവരെ സ്വീകരിച്ച ബോണ്ടുകളുടെ വിശദാംശങ്ങൾ ഈ മാസം ആറിനകം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണമെന്നും 13നകം കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട് എസ്ബിഐ കോടതിയെ സമീപിക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഡീക്കോഡ് ചെയ്‌ത് എടുക്കുന്നത് സങ്കീർണമായ പ്രക്രിയയാണ് എന്നാണ് എസ്ബിഐയുടെ വാദം.
Eng­lish Sum­ma­ry: Elec­toral bond: SBI’s plea in Supreme Court today
You may also like this video
Exit mobile version