Site iconSite icon Janayugom Online

ബിഹാറിലെ വോട്ടര്‍ പട്ടിക; സിപിഐ ഉള്‍പ്പെടെ എട്ട് പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ചോദ്യം ചെയ്ത് സിപിഐ ഉള്‍പ്പെടെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജികള്‍ ഈമാസം 10ന് കോടതി പരിഗണിക്കും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, എന്‍സിപി (ശരത് പവാര്‍) നേതാവ് സുപ്രിയ സുലേ, സമാജ്‌വാദി പാര്‍ട്ടി നേതാവ് ഹരീന്ദര്‍ മാലിക്, ശിവസേന യുബിടി നേതാവ് അരവിന്ദ് സാവന്ദ്, ജെഎംഎം നേതാവ് സര്‍ഫാസ് അഹമ്മദ്, സിപിഐ (എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, ഡിഎംകെ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് റിട്ട് ഹര്‍ജി നല്‍കിയത്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിംഫോസ്, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, ആര്‍ജെഡി നേതാവ് മനോജ് ഝാ, പൊതു പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് എന്നിവരും പൊതുതാല്പര്യ ഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഘ്‌വി, ഗോപാല്‍ ശങ്കരനാരായണന്‍, ശദാന്‍ ഫര്‍സാത്, കപില്‍ സിബല്‍ എന്നിവര്‍ അവധിക്കാല ബെഞ്ചിനു മുന്നില്‍ ഉന്നയിച്ചു. ജസ്റ്റിസുമാരായ സുധാംശു ധുലിയ, ജോയി മല്ല്യ ജെ ബഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യം പരിഗണിച്ച് കേസ് 10ന് ലിസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കി.

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലുമായി മുന്നോട്ടുപോകുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജൂണ്‍ 24ലെ ഉത്തരവിനെതിരെ നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പുതുതായി വോട്ടവകാശത്തിന് അര്‍ഹതയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരാകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ നിലവിലുള്ള നിരവധി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നഷ്ടമാകുമെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്ന വാദം.

Exit mobile version