തോറിയം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം വിജയകരമായാൽ കേരളത്തിന് മുന്നിൽ തുറക്കുന്നത് വലിയ സാധ്യതകൾ. ലോകത്തിൽതന്നെ ഭൌമോപരിതലത്തിലെ 30 ശതമാനം തോറിയവും ഇന്ത്യയിലാണെന്നാണ് കണ്ടെത്തൽ. അതിൽ കൂടുതലും സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കരിമണലുകളിലാണ്.
പദ്ധതി പരീക്ഷണഘട്ടത്തിലാണ്. 200 ഗ്രാം സംസ്‌കരിച്ച തോറിയം ഉപയോഗിച്ച് 300 മെഗാവാട്ടിന്റെ സ്റ്റീം ടര്‍ബൈന്‍ 14 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വേമ്പനാട് കായൽ തീരത്തുള്ള കരിമണലിൽ 9.5 ശതമാനം തോറിയം അടങ്ങിയ കോമ്പൌണ്ടുകളാണെന്നാണ് കണ്ടെത്തൽ.
തോറിയത്തിൽ നിന്ന് ചെലവുകുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയിൽ പങ്കാളിയാകാൻ ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഇത് ചർച്ച ചെയ്യുന്നതിനായി കെഎസ്ഇബി ചെയർമാനെയും സെക്രട്ടറിയെയും ബാർക്കിലേക്ക് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാവർത്തികമായാൽ യൂണിറ്റിന് 50 പൈസ മാത്രമാകും ഉത്പാദനച്ചെലവ് വരികയെന്നും മന്ത്രി പറഞ്ഞു.

