Site iconSite icon Janayugom Online

ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് ഉപരോധം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത ആഘാതമേല്പിച്ചുകൊണ്ട് രാജ്യത്തുനിന്നുള്ള ഉല്പന്നങ്ങള്‍ക്ക് വിദേശ വിലക്ക്. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യസമൂഹവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ 527 ഇനം ഉല്പന്നങ്ങള്‍ക്കാണ് വിലക്ക്. സിംഗപ്പൂരും ഹോങ്കോങ്ങും ഈ അച്ചുതണ്ടിനൊപ്പം ചേര്‍ന്നതോടെ കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതമാണുണ്ടായിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. 

അരി മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വരെയുള്ള ഉല്പന്നങ്ങളില്‍ കാന്‍സറിന് കാരണമായ എത്തിലീന്‍‍ ഓക്സൈഡ് കലര്‍ന്നിട്ടുണ്ടെന്നതാണ് വിലക്കിനു കാരണമായി ഈ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അരിക്കു പുറമേ കശുവണ്ടിപ്പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, സംസ്കരിച്ച ഭക്ഷ്യോല്പന്നങ്ങള്‍ തുടങ്ങിയവയിലും മാരകമായ അളവില്‍ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷയില്‍ രാജ്യം ഏറെ പിന്നോട്ടുപോയിരിക്കുന്നുവെന്ന് സുപ്രീം കോടതിയും ഈയിടെ മുന്നറിയിപ്പു നല്കിയിരുന്നു. മല്ലിപ്പൊടിയിലും മഞ്ഞള്‍പ്പൊടിയിലും മുളകുപൊടിയിലും മസാലപ്പൊടിയിലുമാണ് ഏറ്റവുധികം മായം കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ മായത്തിനു പുറമെ രാസകീടനാശിനികളും അടങ്ങിയിട്ടുണ്ടെന്ന് വിദേശരാജ്യങ്ങളുടെ കണ്ടെത്തലിനെ ഇന്ത്യയില്‍ നടന്ന പരിശോധനകളും സ്ഥിരീകരിച്ചിട്ടുണ്ട്.
സമുദ്രോല്പന്നങ്ങളിലെ കീടനാശിനിയുടെ സാന്നിധ്യം മൂലം യുഎസും യൂറോപ്യന്‍ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയകാര്യം ഈയടുത്ത് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള 527 ഉല്പന്നങ്ങളില്‍ 332 ഇനങ്ങളില്‍പ്പെടുന്നവ ഇന്ത്യയില്‍ മാത്രം ഉല്പാദിപ്പിക്കുന്നവയാണ്. ഇതില്‍ നിന്നുതന്നെ ഈ ഉല്പന്ന ഉപരോധം ഇന്ത്യന്‍ കയറ്റുമതിയെ എത്ര ഗുരുതരമായി ബാധിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. മിക്ക വിഭവങ്ങളിലും കണ്ടെത്തിയ എത്തിലീന്‍ ഓക്സൈഡും മറ്റും യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും 2011 മുതല്‍ നിരോധിച്ചവയാണ്. ഈ രാസകീടനാശിനികള്‍ നിര്‍മ്മിച്ചിരുന്ന വ്യവസായശാലകളും അടച്ചുപൂട്ടി. എന്നാല്‍ ബഹുരാഷ്ട്രകുത്തകകള്‍ ഇന്ത്യയില്‍ ആരംഭിച്ച ഈ രാസവസ്തു വ്യവസായശാലകള്‍ രാജ്യത്ത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നതും ദുരൂഹമാവുന്നു.

മീന്‍കറിക്കുള്ള മസാലച്ചേരുവകളുടെ പരിശോധനയെത്തുടര്‍ന്ന് എവറസ്റ്റ് എന്ന മസാലക്കമ്പനിയുടെ മസാലക്കൂട്ടുകളില്‍ രാസവിഷങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലോടൊയിരുന്നു വിലക്കിന്റെ തുടക്കം. പിന്നീട് ആ വിലക്ക് നൂറുകണക്കിന് ഇന്ത്യന്‍ ഉല്പന്നങ്ങളിലേക്ക് പടര്‍ന്നുകയറുകയായിരുന്നു. കേന്ദ്ര സുഗന്ധവ്യജ്ഞന ബോര്‍ഡിന്റെയും മറ്റു ഏജന്‍സികളുടെയും എല്ലാ ഗുണനിലവാര പരിശോധനകളും പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റുകളോടെയുമാണ് തങ്ങള്‍ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്തിട്ടുള്ളതെന്നാണ് കയറ്റുമതി സ്ഥാപനങ്ങളുടെ അവകാശവാദം. 

എങ്കില്‍പ്പിന്നെ കയറ്റുമതി അനുമതിപത്രങ്ങള്‍ ലഭിച്ച ഉല്പന്നങ്ങളില്‍ രാസവസ്തുക്കള്‍ എങ്ങനെ കടന്നുകൂടി എന്ന ചോദ്യവും അവശേഷിക്കുന്നു. ഇത്തരം പരിശോധനാ ലബോറട്ടറികളില്‍ നടക്കുന്ന വന്‍തോതിലുള്ള കോഴ സമ്പ്രദായത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നതെന്ന ആരോപണവും കത്തിക്കയറുന്നുണ്ട്.
ഈ പ്രതിസന്ധിയുടെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത് കേരളമാണ്. സുഗന്ധ്യവ്യജ്ഞനങ്ങളുടെയും സമുദ്രോല്പന്നങ്ങളുടെയും കയറ്റുമതിയുടെ തലസ്ഥാനമായ കേരളത്തിന് വിലക്കുമൂലം ശതകോടികളുടെ ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് ചില്ലറക്കാര്യമല്ല. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം ആത്മാര്‍ത്ഥമായ ശ്രമം നടത്തുന്നില്ലെന്ന ആരോപണവുമുണ്ട്. 

Exit mobile version