Site iconSite icon Janayugom Online

എമ്പുരാൻ സിനിമാ വിവാദം; സെൻസർ ബോർഡിലെ ആർ എസ് എസ് അംഗങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ബിജെപി

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ സെൻസർ ബോർഡിലെ ആർ എസ് എസ് അംഗങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം. സിനിമയിൽ സംഘ്പരിവാർ സംഘടനകൾക്കെതിരെ വിമർശനം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗത്തിൽ വിമർശനം ഉയർന്നത്. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി.

സിനിമയിൽ ചില പരാമർശങ്ങൾ മാറ്റാന്‍ സെൻസർ ബോർഡ് അംഗങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു യോഗത്തിലെ വിമർശനം. ആർഎസ്എസ് നോമിനേറ്റ് ചെയ്തവർ ബോർഡിലില്ലെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിശദീകരിച്ചു. ആർഎസ്എസ് അംഗങ്ങൾ ബോർഡിലുണ്ടെങ്കിൽ നടപടി വേണമെന്ന ആവശ്യം ചിലർ യോഗത്തിൽ ഉയർത്തി. ഒരു സിനിമയും ബിജെപിക്കു പ്രശ്‌നമല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറും സെക്രട്ടറി എസ് സുരേഷും പറഞ്ഞു. എംപുരാന്‍ സിനിമ സംബന്ധിച്ച് പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവർ പറഞ്ഞു. പതിവിനു വിപരീതമായി യോഗ ശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയില്ല. 

Exit mobile version