Site iconSite icon Janayugom Online

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍;ലഷ്കര്‍ കമാന്‍ഡര്‍ അടക്കം മൂന്നു ഭീകരരെ വധിച്ചു

armyarmy

വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡറടക്കം മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനന്ത്നാഗിലെ ഖന്യറിലുണ്ടായ ഏറ്റുമുട്ടലിലാണ് ഉസ്മാന്‍ ചോട്ട വാലിദ് എന്ന ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡറെ സുരക്ഷാസേന വധിച്ചത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയുടെ സ്വയംപ്രഖ്യാപിത കമാന്‍ഡറായിരുന്ന ഇയാളെ സുരക്ഷാ സേനാംഗങ്ങളെ വധിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അനന്ത്നാഗിലെ ഹല്‍ക്കാന്‍ വാലിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മറ്റ് രണ്ട് ഭീകരരെ വധിച്ചത്. ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയും മറ്റൊരാള്‍ പ്രദേശവാസിയുമാണെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈന്യം വ്യക്തമാക്കിയിട്ടില്ല. 

സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തി വരികയാണ്. ഖന്യാറില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിയിലാണ് വാലിദ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബന്ദിപ്പോര ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരര്‍ വനമേഖലയിലേക്ക് ഓടിപ്പോകുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം ജമ്മു കശ്മീരില്‍ അതിഥിത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്പുണ്ടാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞമാസം 20ന് ടണല്‍ നിര്‍മ്മാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ടെന്റിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഡോക്ടര്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Exit mobile version