Site iconSite icon Janayugom Online

ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ജാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 

മനാറ്റു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കേദൽ ഗ്രാമത്തിൽ പുലർച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

കേദൽ ഗ്രാമത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷ സംഘം സ്ഥലത്തെത്തിയപ്പോൾ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. ഇവരെ ഉടൻ തന്നെ മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഡോക്ടർ രണ്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ ഒരു പൊലീസുകാരൻ ചികിത്സയിലാണ്.

Exit mobile version