Site icon Janayugom Online

ജനാധിപത്യത്തിന് അന്ത്യം, അഫ്ഗാനില്‍ ഇനി കൗണ്‍സില്‍ ഭരണം: താലിബാന്റെ തലപ്പത്ത് ഇവര്‍

taliban

ഇസ്‌ലാമിക് എമിറേറ്റ്സ് അഫ്ഗാനിസ്ഥാന്‍ എന്ന് പേരുമാറ്റിയതിന് പിന്നാലെ ജനാധിപത്യത്തിന് പകരം കൗണ്‍സില്‍ ഭരണമായിരിക്കും രാജ്യത്തുണ്ടാകുകയെന്നും താലിബാന്‍ പ്രഖ്യാപിച്ചു.

അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാബൂള്‍ അടക്കം നിയന്ത്രണത്തിലാക്കി താലിബാന്‍ അഫ്ഗാന്‍ കൈയടക്കി.

1996ല്‍ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ നിയന്ത്രിത ഭരണത്തിന് അന്ത്യം കുറിച്ചാണ് താലിബാന്‍ ആദ്യം അധികാരം കൈയാളുന്നത്. ഒടുവില്‍ അമേരിക്ക തന്നെ താലിബാനെ 2001ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി. മുല്ല മുഹമ്മദ് ഒമറായിരുന്നു താലിബാന്‍ സ്ഥാപകന്‍. അമേരിക്ക താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഒമറിനെ കാണാതായി. 2013ലാണ് ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റ് നേതാക്കളുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടര്‍ന്നതും ഇപ്പോള്‍ ഭരണം പിടിച്ചെടുത്തതും. ഭരണം പിടിച്ചെടുക്കാന്‍ നേതൃത്വം വഹിച്ച ഏഴ് പേര്‍ തന്നെയായിരിക്കും രാജ്യത്തിന്റെ ഭരണകാര്യങ്ങളും നിര്‍വഹിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിബാത്തുള്ള അകുൻദ്‌സാദ്

 

താലിബാന്റെ മൂന്നാമത്തെ സമുന്നത നേതാവ്. 2016 മുതൽ താലിബാന്റെ തലപ്പത്ത്. താലിബാന്റെ മുൻ ന്യായാധിപൻ രാഷ്ട്രീയ, സൈനിക, മതപരമായ വിഷയങ്ങളിൽ പരമാധികാരം. താലിബാന്റെ പരമോന്നത നേതാവായതിന് ശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അബ്ദുൾ ഗനി ബരാദർ

താലിബാന്‍ ഡ‍െപ്യൂട്ടി നേതാവ്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ തലവനായേക്കാന്‍ സാധ്യത. ഒസാമ ബിന്‍ ലാദന്‍, മുല്ല മുഹമ്മദ് ഒമര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. താലിബാന്റെ നാല് സഹസ്ഥാപകരിലൊരാൾ. ദോഹയിലെ രാഷ്ട്രീയ കാര്യാലയ തലവൻ. അമേരിക്കൻ പ്രസിഡന്റിനോട് നേരിട്ട് സംസാരിച്ച ആദ്യ താലിബാൻ നേതാവ്.

സിറാജുദീന്‍‍ ഹഖ്വാനി

ഹഖ്വാനി ഗ്രൂപ്പിന്റെ നേതാവ്. 2016ല്‍ താലിബാന്‍ രൂപീകരിച്ചതിന് ശേഷം മൂന്നാമത്തെ ഡെപ്യൂട്ടി താലിബാന്‍ നേതാവായിരുന്നു. പാകിസ്ഥാനും അഫ്ഗാനും ഇടയില്‍ ആയുധ, പണ കൈമാറ്റം നടത്തുന്നത് സിറാജുദ്ദീന്റെ നേതൃത്വത്തിലാണ്.

മുഹമ്മദ് യാക്കൂബ്

താലിബാന്‍ സ്ഥാപകനായ മുല്ല ഒമറിന്റെ മകനാണ് യാക്കൂബ്. സിറാജുദ്ദീന്‍ ഹഖ്വാനിയോടൊപ്പം പ്രവര്‍ത്തിക്കുന്നു. പാകിസ്ഥാനില്‍ വിദ്യാഭ്യാസം ചെയ്തശേഷം അഫ്ഗാനില്‍ ജീവിക്കുന്നു.

അബ്ദുള്‍ ഹക്കിം ഹഖ്വാനി

താലിബാന്റെ സമുന്നതനേതാവായ അകുൻദ്‌സാദയുടെ അടുത്ത അനുയായി. അമേരിക്കയുമായി നടത്തിയ ചര്‍ച്ചകളില്‍ ചുക്കാന്‍ പിടിച്ചു.

ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാവിക്സായി

താലിബാന്‍ നേതാക്കളില്‍ ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നയാള്‍. യുഎസ്, ചൈന രാജ്യങ്ങളുമായി സമാധാന ചര്‍ച്ച നടത്തി.

സബിഹുള്ള മുജാഹിദ്

കാബൂളില്‍ നടന്ന താലിബാന്റെ ആദ്യ പ്രസ് കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചത് മുജാഹിദാണ്. കഴിഞ്ഞ 20 വര്‍ഷമായി താലിബാന് വേണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് മുജാഹിദാണ്.

സൈന്യം, രഹസ്യസേനാ വിഭാഗം, രാഷ്ട്രീയ വിഭാഗം- ദോഹയിലെ രാഷ്ട്രീയ കാര്യാലയം, താലിബാന്റെ അന്താരാഷ്ട്ര പ്രതിനിധി സഭ, സമാധാന ചർച്ചകൾ നടക്കുന്ന സ്ഥലം, സാമ്പത്തിക വിഭാഗം, മറ്റ് 13 വകുപ്പുകൾ എന്നിവ ഉള്‍പ്പെടുത്തിയായിരിക്കും താലിബാന്റ ഭരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Eng­lish Sum­ma­ry: End of democ­ra­cy, no more coun­cil rule in Afghanistan: They are at the helm of the Taliban

You may like this video also

Exit mobile version