Site iconSite icon Janayugom Online

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നത് വികസിത സമൂഹത്തിന്റെ അടയാളം: മുഖ്യമന്ത്രി

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നതാണ് വികസിത സമൂഹത്തിന്റെ അടയാളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘സ്ത്രീസുരക്ഷാ പദ്ധതി‘യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി ആരംഭിച്ചത്. 10 ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. എല്ലാ അപേക്ഷകളും വിശദമായി പരിശോധിച്ച ശേഷമാണ് ആനുകൂല്യം അനുവദിക്കുന്നതെന്നും, പരിശോധന പൂർത്തിയാകുന്നവർക്കെല്ലാം സഹായം ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത് സ്ത്രീകൾ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരുമാണെന്ന് പരിശോധിച്ചാണ്. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് ഒരു സമൂഹം യഥാർത്ഥത്തിൽ വികസിതമാകുന്നത്. കുടുംബത്തിനായി ജീവിതം മുഴുവൻ സമർപ്പിച്ച ലക്ഷക്കണക്കിന് സ്ത്രീകളുടെ അദൃശ്യമായ അധ്വാനമാണ് കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനം. പല കാരണങ്ങളാൽ നിസഹായാവസ്ഥ നേരിടുന്ന സഹോദരിമാർക്ക് മാന്യമായ ജീവിതം ഉറപ്പാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്ത്രീകളുടെ ആത്മവിശ്വാസം ഉയർന്നാൽ അത് കുടുംബങ്ങളുടെ ആത്മവിശ്വാസമായും, ഒടുവിൽ സമൂഹത്തിന്റെ ആത്മവിശ്വാസമായും മാറും. കഴിഞ്ഞ ഒരു ദശാബ്ദമായി സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ മേഖലകളിൽ സർക്കാർ ഇടപെടലുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ സ്ത്രീപക്ഷ പദ്ധതികൾക്ക് പ്രത്യേക വിഹിതം മാറ്റിവയ്ക്കുന്ന ജെൻഡർ ബജറ്റിങ് മാതൃക രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് കേരളമാണ്. 

കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്നു. അയൽക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കൊപ്പം രാഷ്ട്രീയ‑സാമൂഹിക ബോധവൽക്കരണത്തിന്റെയും കേന്ദ്രങ്ങളായി മാറി. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പൊലീസ് സംവിധാനം, പൊതുസ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ, രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി ഷീ ലോഡ്ജുകൾ, പൊലീസ് സ്റ്റേഷനുകൾ ‘ജനമൈത്രി’ ആക്കിയ മാറ്റങ്ങൾ, തൊഴിൽ ഇടങ്ങളിലെ സുരക്ഷാ നിയമങ്ങൾ തുടങ്ങി വിവിധ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. പൊലീസ് സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വൻതോതിൽ വർധിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. സ്ത്രീകളുടെ മാന്യമായ ജീവിതാവകാശം ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നയം തുടരുന്നതായും ‘സ്ത്രീസുരക്ഷാ പദ്ധതി’ അതിന്റെ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറ്റം ചെയ്ത രേഖ ഉപഭോക്താക്കൾക്കും കേരളാ സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 105 കോടി രൂപ അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പ് എക്സ്പെൻഡിച്ചർ സെക്രട്ടറി വീണ എൻ മാധവനും മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ധന മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതമാശംസിച്ചു. ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Exit mobile version