Site iconSite icon Janayugom Online

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് കണ്ണൂരിൽ തിരി തെളിഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വികസന മികവിന്റെ ഉന്നതങ്ങളില്‍ എത്തിച്ചെന്ന് രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. രണ്ടാം എൽ ഡി എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൂട്ടായ്മയോടെ പ്രവര്‍ത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച ചരിത്രമാണ് കേരളത്തിന്റെ കരുത്ത്. സമസ്ത മേഖലകളിലും നാടിന്റെ പുരോഗതി കൈവരിക്കാന്‍ മുഖ്യമന്ത്രി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനായിട്ടുണ്ട്. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ തടയപ്പെടുന്ന, പാര്‍ലമെന്റ് അധികാരങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുന്ന ദേശീയ രാഷ്ട്രീയത്തിന് ഒരു ബദലാണ് കേരളം. നിക്ഷേപ സൗഹൃദ സംസ്ഥാനമായി നമ്മുടെ കേരളത്തെ വളര്‍ത്തിയെടുക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളിലും കേരളത്തെ ഒന്നാമതെത്തിക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരത്തില്‍ രാജ്യത്തിനാകെ മാതൃകയാകാന്‍ കേരളത്തിന് സധിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍’ ഡോക്യൂമെന്ററി മന്ത്രി പ്രകാശനം ചെയ്തു

കെ.കെ. ശൈലജടീച്ചര്‍ എം.എല്‍ എ. അധ്യക്ഷയായിരുന്നു. വികസനത്തിനായി ജാതിമത ഭേദമില്ലാതെ എല്ലാവരും ഒന്നിച്ചു ചേരുന്ന ബഹുസ്വരതയുടെ നാടാണ് കേരളമെന്ന് എം.എല്‍.എ പറഞ്ഞു. ലോകത്ത് പല രാജ്യങ്ങള്‍ക്കും നേടാന്‍ കഴിയാത്ത നേട്ടങ്ങളാണ് കേരളം ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. റോഡുകള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, എന്നിങ്ങനെ സമസ്ത മേഖലകളിലും കേരളം മുന്നിലായത് സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും എം എല്‍ എ പറഞ്ഞു. എംഎല്‍എമാരായ കെ.പി മോഹനന്‍, കെ.വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കളക്ടര്‍ അരുണ്‍. കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ശ്രീധരന്‍, ജില്ലാ പോലീസ് മേധാവി സി നിതിന്‍ രാജ്, റൂറല്‍ എസ് പി അനൂജ് പലിവാല്‍, എഡിഎം സി. പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, ജനതാദള്‍ (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ദിവാകരന്‍, വെള്ളോറ രാജന്‍ (സിപിഐ), ആര്‍ജെഡി ജില്ലാ പ്രസിഡന്റ് വികെ ഗിരിജന്‍, പ്രൊഫ. ജോസഫ് തോമസ് (കേരള കോണ്‍ഗ്രസ് മാണി), ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ഹമീദ് ചെങ്ങളായി, രതീഷ് ചിറക്കല്‍ (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ സംസാരിച്ചു.

പ്രദര്‍ശന വിപണന മേള മന്ത്രി തുറന്നുകൊടുത്തു

വൈവിധ്യങ്ങളുടെ 250 ലധികം സ്റ്റാളുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുറന്നുകൊടുത്തു. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമടക്കം 251 സ്റ്റാളുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളയ്ക്കായി 52000 ചതുരശ്ര അടിയില്‍ പവലിയന്‍ ക്രമീകരിച്ചിട്ടുണ്ട്. ഐപിആര്‍ഡിയുടെ 2500 ചതുരശ്ര അടിയിലുള്ള തീം പവലിയനും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരം, പൊതുമരാമത്ത്, കൃഷി, കായികം, കിഫ്ബി, സ്റ്റാര്‍ട്ടപ്പ് മിഷനുകള്‍ക്കായി പ്രത്യേക ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. 1500 ചതുരശ്ര അടിയില്‍ കേരള ഫിലിം കോര്‍പറേഷന്റെ മിനിതിയേറ്റര്‍, 16,000 അടിയില്‍ ഫുഡ് കോര്‍ട്ട്, സ്റ്റേജ്, പോലീസ് വകുപ്പിന്റെ ഡോഗ്‌ഷോ, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദര്‍ശനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. കാരവന്‍ ടൂറിസം, അഗ്‌നിശമന രക്ഷാസേനയുടെ ഡെമോണ്‍സ്‌ട്രേഷന്‍, വനം വകുപ്പിന്റെ സര്‍പ്പ ആപ്പിന്റെ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ പവലിയന് സമീപത്തുണ്ടാവും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാകാരന്‍മാരുടെ തല്‍സമയ അവതരണങ്ങളും അരങ്ങേറും.   കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. മെയ് 14 ന് മേള സമാപിക്കും.

കൊട്ടിക്കയറുന്ന താളമേളങ്ങള്‍; പഞ്ചവാദ്യ മേളത്തില്‍ ലയിച്ച് ‘എന്റെ കേരളം’

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന പരിപാടികളുടെ മുന്നോടിയായി ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചവാദ്യ മേളം കണ്ണൂരിന്റെ മനം കവര്‍ന്നു. ശംഖുവിളിയോടെ ആരംഭിച്ച പരിപാടിയെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. 13 പേര്‍ ചേര്‍ന്നാണ് പഞ്ചവാദ്യം അവതരിപ്പിച്ചത്.

അഞ്ച് വാദ്യോപകരണങ്ങള്‍ ഒത്തുചേരുന്ന കേരളത്തിന്റെ തനതായ വാദ്യ സംഗീത കലാരൂപമായ പഞ്ചവാദ്യത്തില്‍ കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സമന്വയിക്കുന്നു. ഓരോ വാദ്യത്തിനും കൃത്യമായി സ്ഥാനം നിര്‍ണയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിമില, മദ്ദളം കലാകാരന്മാര്‍ ഒന്നാം നിരയില്‍ മുഖാമുഖം അണിനിരന്നു. തിമിലയ്ക്കു പിന്നില്‍ അണിനിരന്നത് ഇലത്താളക്കാരാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്. ഈ വാദ്യനിരയുടെ രണ്ടറ്റത്തുമായി തിമിലയ്ക്കും മദ്ദളത്തിനും മധ്യഭാഗത്ത് തലയ്ക്കലും കാല്‍ക്കലുമായി ഇടയ്ക്ക വായിക്കുന്നവര്‍ നിലകൊണ്ടു. പഞ്ചവാദ്യ മേളം കൊട്ടിക്കയറിയത്തോടെ പോലീസ് മൈതാനിയിലെ എന്റെ കേരളം മേളക്ക് അരങ്ങുണർന്നു.

ആവാസവ്യവസ്ഥയുടെ നേർക്കാഴ്ചയായി കെഎസ്‌യുഎം പവലിയൻ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിൽ നടക്കുന്ന എന്റെ കേരളം 2025 പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) പവലിയൻ. നിർമ്മിതബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പൊതുജനങ്ങൾക്ക് അനുഭവവേദ്യമാക്കുന്നതാണ് പവലിയൻ. കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള പ്രദർശന മേളയിലെ കെഎസ്‌യുഎം പവലിയൻ മേയ് 14 വരെ സന്ദർശിക്കാം.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നേരിട്ടറിയാൻ സാധിക്കുന്ന എക്സ്പീരിയൻസ് സെൻററുകളായാണ് കെഎസ്‌യുഎമ്മിൻറെ പവലിയൻ പ്രവർത്തിക്കുന്നത്. നിർമ്മിത ബുദ്ധി, ഓഗ്മെൻറഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോൺ, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രദർശനമാണ് നടത്തുന്നത്. ‘ആൾ ഫോർ കോമൺ പീപ്പിൾ’ എന്ന ആശയത്തിലാണ് പവലിയൻ ഒരുക്കിയിട്ടുള്ളത്.

ഭാവിയിലെ സാങ്കേതികവിദ്യകളുടെ പരിവർത്തനാത്മകമായ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുന്നതാണ് ഈ പവലിയനെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തിൽ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രദർശനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബ്ദത്തിലൂടെ വീഡിയോ നിർമ്മാണം, ശബ്ദത്തിലൂടെ ടാക്സി വിളിക്കൽ, പുതുതലമുറ വാക്കുകളുടെ വിശകലനം, എആർ വിആർ കണ്ണടകൾ, ഗെയിമുകൾ, യുണീക് വേൾഡ് റോബോട്ടിക്സിൻറെ ബെൻ എന്ന റോബോട്ട് നായ, മേക്കർ ലാബ് എഡ്യൂടെക് വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എഐ റോബോട്ടിക് ടീച്ചറായ ഐറിസ്, മിനി ബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചർ, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയ സാങ്കേതികവിദ്യകളെ പ്രദർശനത്തിൽ നേരിട്ടറിയാം.

പ്രത്യേക സെഷനിൽ കെഎസ്‌യുഎമ്മിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ലീപ് കോവർക്സ് സെൻറർ അസി. മാനേജർ അരുൺ ജി വിവരിച്ചു. സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ദുർഘട വഴികളെക്കുറിച്ചും പ്രതിസന്ധികൾ തരണം ചെയ്യാൻ കെഎസ്‌യുഎം നൽകിയ പിന്തുണയെക്കുറിച്ചും പ്ലേസ്പോട്സ് സ്ഥാപകൻ അംജദ് അലി ഒ എൻ സംസാരിച്ചു.

ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ നടന്ന എന്റെ കേരളം 2025 പ്രദർശന വിപണന മേളയിൽ മികച്ച പവലിയനായി കെഎസ്‌യുഎമ്മിന്റെ പവലിയനുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വൈവിധ്യങ്ങളുമായി തീം സ്റ്റാളുകള്‍ 

മെയ് 14 വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ തീം സ്റ്റാളുകള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ടൂറിസം, പൊതുമരാമത്ത്, കൃഷി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജലസേചന വകുപ്പ്, കായിക വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയില്‍ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ 360 ഡിഗ്രി ഫോട്ടോ ബൂത്ത്, സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഹാന്‍ഡ് ഗസ്ച്ചര്‍ വഴി നിയന്ത്രിക്കാവുന്ന ഡിജിറ്റല്‍ നോട്ട് ബുക്ക്, എന്റെ കേരളം ഫോട്ടോ ബൂത്ത്, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനുള്ള എല്‍ ഇ ഡി വാള്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വെര്‍ച്വല്‍ തിരമാലകളിലൂടെ നടന്ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി ഒരുക്കിയിരിക്കുന്ന തീമിലേക്കും അവിടുന്ന് കേരളത്തിന്റെ ഗ്രാമീണതയിലേക്കും എത്തിക്കുന്ന ചെറിയ ഓലക്കുടിലും അതിനോട് ചേര്‍ന്ന് മണ്‍പാത്ര നിര്‍മാണവും നെല്‍പ്പാടവും വെള്ളം തേവാനുള്ള ജലചക്രവുമാണ് ടൂറിസം വകുപ്പിന്റെ തീം സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ ഗ്രാമീണ ജനതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ തലത്തില്‍ ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഒരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ള ആളുകള്‍ക്ക് മണ്‍പാത്രങ്ങള്‍ നിര്‍മിക്കുവാനും സാധിക്കും. തീം സ്റ്റാള്‍ കൂടാതെ കാരവന്‍ ടൂറിസവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മുഴപ്പിലങ്ങാട് തീരദേശ പാത, മലയോര പാത, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കണക്ടിവിറ്റി പാത തുടങ്ങി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടന്ന പ്രവര്‍ത്തങ്ങളുടെ വിശാലമായ സ്റ്റില്‍ മോഡലുകളും മറ്റു പ്രവര്‍ത്തങ്ങളും അടങ്ങിയ പ്രദര്‍ശനവും വകുപ്പിന്റെ സ്റ്റാളിലേക്ക് കടന്നെത്താനുള്ള പാലവുമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, മെഷീന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളെ പൊതുജനങ്ങള്‍ക്ക് അനുഭവിച്ചറിയാനുള്ള വേദിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തയ്യാറാക്കിയ തീം സ്റ്റാള്‍. നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ റോബോര്‍ട്ട്, ഡ്രോണ്‍, ഓഗ്‌മെന്റഡ് വെര്‍ച്വല്‍ റിയാലിറ്റി ഗെയിംസ്, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പ് മിഷനുകളാണ് മേളയുടെ ഭാഗമാകുന്നത്. തികച്ചും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഐറിസ് എന്ന റോബോര്‍ട്ട് പ്രധാന ആകര്‍ഷണമാണ്.
ഡിജിറ്റല്‍ അഗ്രികള്‍ച്ചറിന്റെ പ്രാധാന്യം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന കതിര്‍ ആപ്പിനെ കൂടുതല്‍ പരിചയപ്പെടുത്താനും ഡ്രോണ്‍ ഉപയോഗിച്ച് എങ്ങനെയാണ് വയലുകളില്‍ വള പ്രയോഗം നടത്തുന്നതെന്നും കാണിക്കുന്ന മാതൃകയുമാണ് കൃഷി വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. മില്ലറ്റുകളുടെ പ്രാധാന്യം ഏറി വരുന്ന സാഹചര്യത്തില്‍ വിവിധതരം മില്ലെറ്റ്‌സ് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും കൃഷി വകുപ്പിന്റെ തന്നെ ബ്രാന്‍ഡായ കേരള അഗ്രോയുടെ ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. തിരുവനന്തപുരത്ത് ഒരുങ്ങുന്ന അഗ്രി പാര്‍ക്ക് കാബ്‌കോ യുടെ രൂപമാതൃകയും ഒരുക്കിയിട്ടുണ്ട്. വിള രോഗങ്ങളെക്കുറിച്ച് അറിയാനുള്ള മാതൃകകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ടെക്‌സ്‌റ്റൈല്‍ പ്രൊഡക്ഷന്‍ മാതൃകയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി ഒരുക്കിയ സ്റ്റാളില്‍ വിവിധ തരം നൂലുകള്‍, അവ കൊണ്ടുണ്ടാക്കിയ ഉല്‍പന്നങ്ങള്‍, വിദ്യാര്‍ഥികള്‍ കൈ കൊണ്ട് ചെയ്ത ഡിസൈനുകള്‍, ഭൗമസൂചിക നിലവാരം പുലര്‍ത്തുന്ന കാസര്‍ഗോഡ്, ബാലരാമപുരം സാരി ഡ്രാപിങ്ങ്, ഛായാചിത്രങ്ങള്‍ നെയ്‌തെടുക്കുന്ന ടാപ്പസ്ട്രി വിദ്യ എന്നിവയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ശാരീരിക ക്ഷമത പരിശോധിക്കാനും വിനോദത്തിനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമായി വിവിധ തരം ഗെയിംമുകളും ആക്ടിവിറ്റുകളും ചേര്‍ന്നതാണ് കായിക വകുപ്പിന്റെ തീം സ്റ്റാള്‍. ബി എം ഐ പരിശോധന, ചലഞ്ച് സോണില്‍ പുഷ് അപ്പ്, സിറ്റ് അപ്പ്, ആര്‍ച്ചറി, ഡേര്‍ട്ട് ത്രോ, സ്‌കിപ്പിംഗ് റോപ്പ് തുടങ്ങിയ വിവിധ ആക്ടിവിറ്റികളും ഫണ്‍ സോണില്‍ ഹൂല ഹൂപ്‌സ്, സ്വിസ് ബോള്‍ എക്‌സസൈസ് എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. മാനസിക പിരിമുറുക്കം കുറക്കാന്‍ ബോഡി മസാജും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

മെയ് എട്ടുമുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കുന്ന 251 സ്റ്റാളുകളാണുള്ളത്.

നാടന്‍ പാട്ടിന്റെ ശീലുമായ് ഉദ്ഘാടന വേദി

കാട്ടെരിക്കിന്‍ വേരുകൊണ്ട് കെട്ടിയിട്ടാലും..’ എന്ന നാടന്‍ പാട്ടിന്റെ ശീലുകള്‍ക്ക് ചടുല താളത്തിന്റെ വേഗമാര്‍ന്നപ്പോള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പൊലീസ് മെതാനിയില്‍ ഒരുക്കിയ വേദിയിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. താവം ഗ്രാമ വേദിയുടെ കലാകാരന്മാര്‍ നാടന്‍ പാട്ടും നൃത്തവുമായി അരങ്ങ് കീഴടക്കിയപ്പോള്‍ സദസില്‍ നിന്ന് കൈയടികള്‍ ഉയര്‍ന്നു.

കൃഷിപ്പാട്ട്, ചവിട്ടു കളിപ്പാട്ട്, കളിപ്പാട്ട് എന്നിങ്ങനെ പലതരം നാടന്‍ പാട്ടുകളുമായി നാടന്‍ പാട്ട് കലാകാരന്‍ താവം സുധാകാരന്റെ നേതൃത്വത്തില്‍ ഗായകരും നര്‍ത്തകരും കണ്ണിനും കാതിനും വിരുന്നൊരുക്കി സദസ്സ് നിറച്ചു. ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്ത് അതിഗംഭീര കലാവിരുന്നോടെ നാടന്‍പാട്ട് ഗാനമേള പര്യവസാനിച്ചപ്പോള്‍ കാണികളുടെ മനസില്‍ പൂരം കൊടിയിറങ്ങിയ പ്രതീതി. മേയ് 14 വരെ നീളുന്ന പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും കലാ സംസ്‌കാരിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

Exit mobile version