Site iconSite icon Janayugom Online

തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭക സഭകള്‍; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍

വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സംരംഭക സഭകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കട ആർകെഎൻ ഹാളിൽ നിര്‍വഹിക്കും. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെയും നിലവില്‍ പ്രവർത്തിച്ചുപോരുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോഗമാണ് സംരംഭക സഭയെന്ന് വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംരംഭക സഭകളിൽ വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുക്കും. സംരംഭക സഭയിലൂടെ ഓരോ തദ്ദേശസ്ഥാപനത്തിലും സംരംഭങ്ങളുടെ കൂട്ടായ്മ രൂപീകരിക്കും.

സംരംഭകത്വ പ്രോത്സാഹന പദ്ധതികളെയും സേവനങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണത്തിന് ഈ വേദി ഉപയോഗിക്കും. സംരംഭക സഭയുടെ ഏകോപനം, മേൽനോട്ടം, നിരീക്ഷണം, നിർവഹണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും കളക്ടർ കൺവീനറായും സ്ഥലം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ലീഡ് ബാങ്ക് മാനേജർ എന്നിവർ അംഗങ്ങളായും ജില്ലാതല ഉപദേശക സമിതി രൂപീകരിക്കും. ഇതിനുപുറമെ കളക്ടർ അധ്യക്ഷനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറായും ജില്ലാതല ഏകോപന സമിതിയും രൂപീകരിക്കും. ഇതിൽ എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, സഹകരണ ജോയിന്റ് ഡയറക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ, ലീഡ് ബാങ്ക് മാനേജർ എന്നിവർ അംഗങ്ങളായിരിക്കും. തദ്ദേശസ്ഥാപനത്തിലും സംരംഭകർക്കായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷനാകും ഈ കമ്മിറ്റിയുടെ അധ്യക്ഷനെന്നും അദ്ദേഹം പറഞ്ഞു.

3.35 ലക്ഷം സംരംഭങ്ങള്‍, 21,450 കോടി നിക്ഷേപം

സംരംഭക വർഷം പദ്ധതിയിലൂടെ ഡിസംബർ 10 വരെ സംസ്ഥാനത്ത് 3,35,780 സംരംഭങ്ങൾ ആരംഭിച്ചു. 21,450 കോടിയുടെ നിക്ഷേപവും 7,11,870 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടു. രാജ്യത്ത് എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് പുരസ്കാരവും പദ്ധതിക്ക് ലഭിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. നാല് ശതമാനം പലിശനിരക്കിൽ വായ്പ, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുകൾ, ഹെൽപ് ഡെസ്കുകൾ, ജില്ലാതലത്തിൽ എംഎസ്എംഇ ക്ലിനിക്കുകൾ എന്നിവ പ്രവർത്തിക്കുന്നു.

Exit mobile version