ചരിത്രവിജയമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്നത് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങള്‍. പദ്ധതി തുടങ്ങിയ 2022 ഏപ്രിൽ ഒന്നു മുതൽ 23 ഡിസംബർ 29 വരെ 2,01,518 സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലുമാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടായത്. സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരുടെ 8,752 സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2022–23ൽ ആവിഷ്കരിച്ച പദ്ധതി സംരംഭക വർഷം 2.0 എന്ന പേരിലാണ് ഈ സാമ്പത്തിക വർഷം തുടർന്നത്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഇതുവരെ 61,678 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. 4,115 കോടി രൂപയുടെ നിക്ഷേപവും 1,30,038 തൊഴിലവസരങ്ങളുമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.
ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട ആദ്യ വർഷം (2022–23) മാത്രം 1,39,817 സംരംഭങ്ങളാണ് നിലവിൽ വന്നത്. 8,422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലും ആദ്യ വർഷം ഉണ്ടായി. സംരംഭകർക്കാവശ്യമായ സഹായങ്ങൾ നല്‍കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 1,153 പ്രൊഫഷണലുകളെയാണ് നിയമിച്ചത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്‍പ് ഡെസ്കുകൾ സ്ഥാപിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും ഒരു ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത സംരംഭക മുന്നേറ്റമാണ് പദ്ധതിയിലൂടെ സാധ്യമായതെന്ന് വ്യവസായ മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തും ഇത്തരമൊരനുഭവം ആദ്യമാണ്. സംരംഭക വർഷം പദ്ധതി സൃഷ്ടിച്ച ആത്മവിശ്വാസം വലിയ വ്യവസായ മുന്നേറ്റത്തിന് വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭങ്ങളെ വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾക്ക് വകുപ്പ് രൂപം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എംഎസ്എംഇകളിൽ നിന്നും തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്താനുള്ള ‘മിഷൻ 1000’ പദ്ധതി പുരോഗമിക്കുകയാണ്. എംഎസ്എംഇകൾക്ക് അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. പോർട്ടലിൽ സമർപ്പിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സ്കോറിങ് മാനദണ്ഡം അനുസരിച്ച് എംഎസ്എംഇകളെ റാങ്ക് ചെയ്യും. റാങ്ക് ലിസ്റ്റിൽ നിന്ന് മികച്ച 1000 യൂണിറ്റുകളെ സ്കെയിൽ അപ്പ് മിഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കും.
ലാൻഡ് പൂളിങ് നിയമം അടുത്ത വർഷം
വ്യാവസായിക ആവശ്യത്തിന് ഭൂമി വിട്ടുനൽകുന്ന ലാൻഡ് പൂളിങ് നടപ്പാക്കാനുള്ള നിയമം അടുത്ത വർഷം കൊണ്ടുവരും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതിന് പിന്നാലെ വൻ നിക്ഷേപ സാധ്യതയാണ് സംസ്ഥാനത്ത് വരാനിരിക്കുന്നത്. സംസ്ഥാന സർക്കാർ തലസ്ഥാനത്ത് നടപ്പാക്കുന്ന വമ്പൻ വികസന പദ്ധതിയായ വിഴിഞ്ഞം– നാവായിക്കുളം- വ്യവസായ ഇടനാഴിക്കായി ലാൻഡ് പൂളിങ്ങിലൂടെയാണ് ഭൂമി ഏറ്റെടുക്കുക.
നിശ്ചിത പ്രദേശത്തെ 75 ശതമാനം പേരും തയ്യാറായാൽ ഭൂമി ഏറ്റെടുക്കാം. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നൽകില്ല. പകരം പ്രദേശത്ത് ടൗൺ ഷിപ്പുകൾ നിർമ്മിച്ച ശേഷം വിട്ടുനൽകിയ ഭൂമിയുടെ പകുതി തിരിച്ചു നൽകും. അപ്പോഴേക്കും ഭൂമിവില പതിന്മടങ്ങ് വർധിക്കുന്നതിനാൽ ഭൂഉടമകൾക്കും വൻനേട്ടമാകുമെന്ന് മന്ത്രി പറഞ്ഞു.
English Summary;Entrepreneurial year project about history; The number of enterprises has crossed two lakh
You may also like this video