Site iconSite icon Janayugom Online

പാരിസ്ഥിതിക ആഘാത പഠനം; കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി, ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഖനനങ്ങൾക്കും മറ്റും അഞ്ച് വർഷത്തേക്ക് തയ്യാറാക്കുന്ന പാരിസ്ഥിതിക ആഘാത നിർണയം സംബന്ധിച്ച സാക്ഷ്യത്തിന്റെ കാലാവധി 30 വർഷമോ അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നത് വരെയോ ദീർഘിപ്പിച്ച് കൊണ്ടുള്ളതായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്. കണ്ണൂർ സ്വദേശിയായ ജിജോ ജോയ് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2022 ഏപ്രിൽ 12ന് പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാരിസ്ഥിതികാനുമതി 30 വർഷത്തേക്കോ തങ്ങളുടെ ഖനനാനുമതി അവസാനിക്കുന്ന തീയതി വരെയോ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 66 ക്വാറി ഉടമകൾ സമർപ്പിച്ച ഹരജികൾ ഹൈക്കോടതി തള്ളുകയും ചെയ്തു. ഇത്തരത്തിൽ പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ച 282 ക്വാറികൾ ഉണ്ടെന്നാണ് വിവരം. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറി ഖനനത്തിനോ ആശുപത്രി പോലുള്ള കെട്ടിടങ്ങൾക്കോ നേരത്തെ അഞ്ച് വർഷത്തേക്കുള്ള പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടായിരുന്നു നൽകിയിരുന്നത്. 

അഞ്ച് വർഷം കഴിഞ്ഞാൽ വീണ്ടും പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഈ നിർദേശമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 30 വർഷത്തേക്കാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അതായത് ഖനന അനുമതി തീരുന്നത് വരെ ഒരൊറ്റ പാരിസ്ഥിതിക ആഘാത പഠനം മതിയെന്നായിരുന്നു കേന്ദ്ര സർക്കാർ ഉത്തരവിലുണ്ടായിരുന്നത്. ഓരോ കാലത്തും പരിസ്ഥിതിലുണ്ടാകുന്ന മാറ്റം കണക്കിലെടുക്കാതെയായിരുന്നു കേന്ദ്രസർക്കാർ ഉത്തരവെന്നായിരുന്നു പരിസ്ഥിതി വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതി ഉത്തരവിലൂടെ കേന്ദ്രസർക്കാറിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ഉത്തരവിനെതിരെ പരിസ്ഥിതി സംഘടനകളും പ്രവർത്തകരും ശക്തമായി രംഗത്തുണ്ടായിരുന്നു. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ പല ക്വാറികളിലും പാരിസ്ഥിതിക ആഘാത പഠനം നടത്തേണ്ടതായി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 700 ക്വാറികൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കെ എഫ് ആർ എ നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് അധികൃതവും അനധികൃതവുമായി 6800 ഓളം ക്വാറികൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്നതും പാരിസ്ഥിതിക ആഘാത പഠനത്തിന്റെ സമയപരിധി കഴിഞ്ഞതുമായ ക്വാറികൾക്ക് ഹൈക്കോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ്. 

Exit mobile version