ഉത്തര്‍പ്രദേശ് ഗ്രാമത്തലവന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും വോട്ടെണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഓരോ വോട്ടും പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി. നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടെന്നും പോള്‍ ചെയ്ത വോട്ടുകളില്‍ കുറവുണ്ടായെന്നും കണ്ടെത്തിയതോടെ 2021ലെ ഗ്രാമമുഖ്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയില്‍ സംശയം ഉള്ളതായും കോടതി നിരീക്ഷിച്ചു.
“ഓരോ വോട്ടിനും മൂല്യമുണ്ട്, അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്, പ്രിസൈഡിങ് ഓഫിസറുടെ ഡയറി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവ പുനഃപരിശോധിക്കണം, അതിന് കഴിയുന്നില്ലെങ്കില്‍ അന്തിമഫലം ചോദ്യം ചെയ്യപ്പെടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ രേഖയും പ്രധാനമാണ്. അവ സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം” ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പ്രയാഗ്‍രാജിലെ ചാക് ഗ്രാമത്തില്‍ നടന്ന ഗ്രാമമുഖ്യന്‍ തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനോട് 37 വോട്ടുകള്‍ക്ക് പരാജയപ്പെട്ട വിജയ് ബഹാദൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മൂന്ന് ബൂത്തുകളിലായി 1,194 വോട്ടുകള്‍ പോള്‍ ചെയ്തതായി പ്രിസൈഡിങ് ഓഫിസര്‍ വാമൊഴിയായി പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പ് ഫോമില്‍ 1,213 വോട്ടുകള്‍ ഉള്ളതായി കാണിച്ചു. ഇതോടെ 19 വോട്ടുകളുടെ വ്യത്യാസം ചൂണ്ടിക്കാണിച്ച് വിജയ് ബഹാദൂര്‍ രംഗത്തെത്തുകയായിരുന്നു.

